കൊല്ലം കളക്ടറേറ്റിൽ 6 മാസത്തിനിടെ നാലാം ബോംബ് ഭീഷണി
ഭീഷണിയെത്തിയത് ഇന്നലെ പുലർച്ച കളക്ടറുടെ മെയിലിലേക്ക്
കൊല്ലം: കളക്ടറുടെ ഔദ്യോഗിക ഇ- മെയിലിൽ വീണ്ടും ബോംബ് ഭീഷണി സന്ദേശമെത്തി. ആറ് മാസത്തിനിടെ നാലാം തവണയാണ് ഒരേയാൾ അയച്ചതെന്ന് കരുതുന്ന സന്ദേശമെത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആർ.ഡി.എക്സ് മിശ്രിതം ഉപയോഗിച്ചുള്ള നേരിയ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. തമിഴ്നാട് സ്വദേശിയായ വ്ലോഗറെ വ്യാജ മയക്കുമരുന്ന് കേസിൽപ്പെടുത്തി ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് സ്ഫോടനം നടത്തുന്നത് എന്നാണ് ഇംഗ്ലീഷിലുള്ള സന്ദേശത്തിൽ പറയുന്നത്.
നേരത്തേയുള്ള മൂന്ന് ഭീഷണി സന്ദേശങ്ങളിലും പറഞ്ഞിരുന്നവ തന്നെയാണ് ഇന്നലത്തെ സന്ദേശത്തിലുള്ള മറ്റുകാര്യങ്ങൾ. തമിഴ്നാട്ടിലെ ഒരു മന്ത്രി, ഒരു മൊബൈൽ അപ്ലിക്കേഷൻ എന്നിങ്ങനെയുള്ള പരാമർശങ്ങളുമുണ്ട്. ഇന്നലെ പുലർച്ചെയെത്തിയ സന്ദേശം പതിനൊന്നരയോടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കൊല്ലം വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. തൊട്ടുപിന്നാലെ വൻ പൊലീസ് സംഘവും ഡോഗ് സ്ക്വാഡുമെത്തി കളക്ടറുടെ ചേംബറും കളക്ടറേറ്റ് വളപ്പിൽ കിടന്ന വാഹനങ്ങളുമെ പരിശോധിച്ചു. വിവിധ ആവശ്യങ്ങൾക്കെത്തിയവരെയും പരിശോധനയ്ക്ക് വിധേയമാക്കി. വാഹനങ്ങൾ പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് മൂന്നര വരെ പരിശോധന തുടർന്നു.
മാർച്ച് 18, ഏപ്രിൽ, 24, മേയ് 20 എന്നീ ദിവസങ്ങളിലാണ് നേരത്തെ ഭീഷണി സന്ദേശമെത്തിയത്. മൊബൈൽ നമ്പർ ഉപയോഗിക്കാതെ തയ്യാറാക്കിയ മെയിൽ അക്കൗണ്ടായതിനാൽ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.