സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം പ്രതിനിധി സമ്മേളനം ഉദ്ഘാടനം നാളെ

Tuesday 09 September 2025 12:59 AM IST
p

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കം. 12വരെയാണ് സമ്മേളനം. പ്രതിനിധി സമ്മേളനം നാളെ രാവിലെ 10.45ന് കളർകോട് എസ്.കെ കൺവൻഷൻ സെന്ററിൽ (കാനം രാജേന്ദ്രൻ നഗർ) ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കൾ ഉൾപ്പടെ 528 പ്രതിനിധികൾ പങ്കെടുക്കും.

ഇന്നുച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖാപ്രയാണം വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കും. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ജാഥ നയിക്കും. നാളെ രാവിലെ 10ന് കാനം രാജേന്ദ്രൻ നഗറിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. ശതാബ്ദി ആഘോഷത്തെ സ്മരിച്ച് നൂറ് വനിതാ അത്‌‌ലറ്റുകളാണ് ദീപശിഖ എത്തിക്കുക.

നാളെ വൈകിട്ട് 5ന് മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടൻ പ്രകാശ് രാജ് പ്രഭാഷണം നടത്തും. 12ന് വോളന്റിയർ പരേഡ്. അന്നു വൈകിട്ട് 4.30ന് അതുൽകുമാർ അഞ്ജൻ നഗറിൽ (ആലപ്പുഴ ബീച്ച്) നടക്കുന്ന പൊതുസമ്മേളനം ഡി.രാജ ഉദ്ഘാടനം ചെയ്യും.

സമ്മേളനം ഐക്യത്തിന്റെ പ്രതിഫലനമാകും: ബിനോയ്

ഐക്യത്തിന്റെ പ്രതിഫലനമായിരിക്കും സംസ്ഥാന സമ്മേളനമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചർച്ചകൾ വിമർശനവും സ്വയം വിമ‌ശനവുമാണ്. സമ്മേളനത്തിനുശേഷം കേരളത്തിന്റെ വളർ‌ച്ചയ്ക്കുതകുന്ന ഭാവി വികസനരേഖ തയ്യാറാക്കും. സർ‌ക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സ്വാഭാവികമായും സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. 1969-80 കാലഘട്ടം ശൂന്യകാലമാണെന്ന ചരിത്രപരമായ തെറ്റ് തിരുത്തപ്പെടണം. കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചതുകൊണ്ട് ചരിത്രം മാറ്റപ്പെടരുത്. നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയത് അക്കാലത്തെ അച്യുതമേനോൻ സർക്കാരാണ്. അത് നിരാകരിക്കുന്നത് ചരിത്രപരമായ തെറ്റാണ്.