രണ്ടാംഘട്ടത്തിൽ വിതരണം ചെയ്തത് 20 ലക്ഷം പാഠപുസ്തകങ്ങൾ, ഇനി വേണ്ടത് 19 ലക്ഷം പുസ്തകങ്ങൾ
മലപ്പുറം: ജില്ലയിലെ സ്‌കൂളുകളിലേക്കുള്ള രണ്ടാംഘട്ട പുസ്തക വിതരണത്തിന്റെ ഭാഗമായി വിതരണം ചെയ്തത് 20 ലക്ഷം പാഠപുസ്തകങ്ങൾ. 26 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലാ ബുക്ക് ഡിപ്പോയിൽ എത്തിയത്. 19 ലക്ഷം പുസ്തകങ്ങളാണ് ഇനി എത്താനുള്ളത്. ആഗസ്ത് 13നാണ് രണ്ടാംഘട്ട പുസ്തക വിതരണം ആരംഭിച്ചത്.
പാഠപുസ്തകങ്ങൾ തീരുന്ന മുറയ്ക്ക് എത്തുന്ന സ്ഥിതിയാണെന്ന് ടെക്സ്റ്റ് ബുക്ക് ഡിപ്പോ അധികൃതർ പറയുന്നു. നിലവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുളള പുസ്തക വിതരണമാണ് ആരംഭിച്ചത്. അൺ എയ്ഡഡ് സ്കൂളുകളിലേക്കുള്ള വിതരണവും ഉടൻ ആരംഭിക്കും. ഒരുദിവസം ശരാശരി ഒന്നര ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് ഡിപ്പോയിൽ നിന്നും സ്‌കൂൾ സൊസൈറ്റികളിലേക്ക് എത്തിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ജില്ലയിലെ 323 സ്‌കൂൾ സൊസൈറ്റികളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്നത്. ഡിപ്പോയിൽ എത്തിയ പുസ്തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ ഉൾപ്പെടെയാണ് കയറ്റി അയക്കുന്നത്. കാക്കനാട്ടെ കേരള ബുക്ക്സ് ആൻഡ് പബ്ളിക്കേഷൻ സൊസൈറ്റിക്കാണ് അച്ചടി ചുമതല. .
മാർച്ച് മൂന്നിനായിരുന്നു ഒന്നാംഘട്ട പുസ്തക വിതരണം ആരംഭിച്ചത്. ജൂൺ ഒന്നിന് മുന്നേ ഒന്നാംഘട്ട വിതരണം പൂർത്തിയാക്കിയിരുന്നു.
ഡിപ്പോയിലെത്തിയത് - 26 ലക്ഷം
വിതരണം ചെയ്തത് - 20 ലക്ഷം എത്താനുളളത്- 19 ലക്ഷം
രണ്ടാംഘട്ട വിതരണം ആരംഭിച്ചത്- ആഗസ്ത് 13
സെപ്തംബർ 20നകം രണ്ടാംഘട്ട പുസ്തക വിതരണം പൂർത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുസ്കങ്ങൾ എത്തുന്നതിൽ കാലതാമസം നേരിടുന്നില്ല. മഴ പ്രതിസന്ധി സൃഷ്ടിക്കാത്തതും അനുകൂല സാഹചര്യമാണ്.
ടെക്സ്റ്റ് ബുക്ക് ഡിപ്പോ അധികൃതർ