ജോലി കഴിഞ്ഞ് മടങ്ങവേ ആൺസുഹൃത്തിന്റെ ആക്രമണം, കുത്തേറ്റ യുവതി ആശുപത്രിയിൽ

Tuesday 09 September 2025 8:33 AM IST

കാസർകോട്: ആൺസുഹൃത്തിന്റെ കുത്തേറ്റ യുവതി ആശുപത്രിയിൽ. അഡൂർ കുറത്തിമൂല സ്വദേശി രേഖയെ (27) ആണ് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കർണാടക മണ്ടക്കോൽ കന്യാന സ്വദേശി പ്രതാപാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. രേഖയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതാപ്. അഡൂരിലെ ലോട്ടറി സ്റ്റാളിലെ ജീവനക്കാരിയാണ് രേഖ.

മണ്ടക്കോൽ സ്വദേശിയായ ഭർത്താവിൽ നിന്നുള്ള വിവാഹമോചനത്തിനായി രേഖ കേസ് നൽകിയിട്ടുണ്ട്. പ്രതാപ് നിരന്തരം ശല്യം ചെയ്യുന്നുവെന്ന് കാട്ടി യുവതി ആദൂർ പൊലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ രേഖയെ ഇനി ശല്യം ചെയ്യില്ലെന്ന് പ്രതി ഉറപ്പുനൽകി. എന്നാൽ ഇന്നലെ വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രേഖയെ വഴിയിൽ കാത്തുനിന്ന പ്രതി കഠാരകൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.