'ഇപ്പോൾ എനിക്കൊന്നും  മിണ്ടാൻ  പറ്റില്ല'; തൃക്കാക്കര സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായി വേടൻ

Tuesday 09 September 2025 9:48 AM IST

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടൻ ചോദ്യം ചെയ്യലിനായി ഹാജരായി. രാവിലെ 9.30ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് എത്തിയത്. കേസിനെക്കുറിച്ച് ഇപ്പോൾ മിണ്ടാൻ പറ്റില്ലെന്നും ചോദ്യം ചെയ്യലിന് ആദ്യം ഹാജരായിട്ട് വരാമെന്നും വേടൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തിരിച്ചുവരുമ്പോൾ കൂടുതൽ പ്രതികരിക്കാമെന്നും ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും വേടൻ വ്യക്തമാക്കി.

ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച വേടൻ, ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്‌എച്ച്‌ഒയ്ക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദേശമുണ്ടായിരുന്നു. വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. സംഗീത ഗവേഷക നൽകിയ മറ്റൊരു പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസും വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ വേടന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഹൈക്കോടതി ഉപാധികളോടെ വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്. സെപ്തംബർ 9,10 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5വരെ തൃക്കാക്കര പൊലീസിൽ ചോദ്യംചെയ്യലിന് ഹാജരാകണം. അറസ്റ്റിലായാൽ ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലും വിട്ടയയ്‌ക്കണം. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത് എന്നിങ്ങനെയായിരുന്നു ജാമ്യവ്യവസ്ഥകൾ.