ഓണാഘോഷം കഴിഞ്ഞ് മടങ്ങാനിരിക്കെ ബൈക്ക് അപകടം, യുവ എയറോനോട്ടിക്കൽ എഞ്ചിനീയർക്ക് ദാരുണാന്ത്യം 

Tuesday 09 September 2025 10:07 AM IST

കാസർകോട്: ഇരിയണ്ണിക്ക് സമീപമുള്ള മഞ്ഞക്കലിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ എഞ്ചിനീയറായ യുവാവിന് ദാരുണാന്ത്യം. ബെത്തൂർപാറയിലെ തീർത്ഥക്കര സ്വദേശി എം. ജിതേഷ് (23) ആണ് മരിച്ചത്. ബംഗളൂരു വിമാനത്താവളത്തിലെ എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്നു ജിതേഷ്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ ബോവിക്കാനത്ത് നിന്ന് ബേത്തൂർപാറയിലേക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടം നടന്നത്.

മഞ്ചക്കൽ ബസ് സ്റ്റാൻഡിന് സമീപം ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജിതേഷിന്റെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയിൽ തട്ടുകയും തുടർന്ന് ബസ് സ്റ്റാൻഡിന്റെ തൂണിൽ ഇടിക്കുകയും ആയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതേഷ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് ചൊവ്വാഴ്ച ബംഗളൂരുവിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണമായ സംഭവം. മാതാപിതാക്കളായ എ. വിജയൻ, എം. ശാലിനി, ബേത്തൂർപാറ ജിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർത്ഥിയായ ഇളയ സഹോദരൻ എം. ജിഷ്ണു എന്നിവർക്കൊപ്പമാണ് ജിതേഷ് താമസിച്ചിരുന്നത്.