ഒടുവിൽ ആശങ്കപ്പെട്ടത് സംഭവിച്ചു; പവന് 80,000 രൂപ കടന്നു, ഈ വർഷം അവസാനത്തോടെ വില ഒരു ലക്ഷത്തിലെത്തുമോ?

Tuesday 09 September 2025 10:19 AM IST

കൊച്ചി: സർവകാല റെക്കാർഡിൽ സ്വർണവില. പവന് 80,000 രൂപയും ഗ്രാമിന് 10,000 രൂപയും കടന്നു. ഇന്ന് മാത്രം ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് ആയിരം രൂപയിലധികമാണ് കൂടിയത്. ഇതോടെ 80,880 രൂപയായി. ഗ്രാമിന് 125 രൂപ വർദ്ധിച്ച് 10,110 ആയി. നിലവിലെ സാഹചര്യത്തിൽ സ്വർണവില ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടുത്ത ദിവസം മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്ന വാർത്തകളാണ് സ്വർണത്തിന് കരുത്ത് പകർന്നത്. ഇന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 3670 ഡോളർ ആയി. ഈവർഷം അവസാനത്തോടെ ഇത് 3800 ഡോളറിലേക്കെത്തുമെന്നാണ് കണക്കുകൂട്ടൽ. അങ്ങനെയുണ്ടായാൽ കേരളത്തിൽ സ്വർണവില ഒരു ലക്ഷം വരെ എത്തിയേക്കും.

വിലക്കയറ്റത്തിന് പിന്നിൽ

1. അമേരിക്കൻ ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകൾ കണക്കിലെടുത്ത് കേന്ദ്ര ബാങ്കുകൾ ഡോളർ വിറ്റുമാറി സ്വർണ ശേഖരം ഉയർത്തുന്നു

2. പശ്ചിമേഷ്യയിലെയും ഉക്രയിനിലെയും രാഷ്‌ട്രീയ സംഘർഷങ്ങൾ കണക്കിലെടുത്ത് വൻകിടക്കാർ സ്വർണം വാങ്ങികൂട്ടുന്നു

3. അമേരിക്കയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയതോടെ രൂപയുടെ മൂല്യം കുത്തനെ താഴ്ന്നതോടെ ഇറക്കുമതി ചെലവ് കൂടുന്നു

നാണയ വിപണിയിൽ സ്വർണാധിപത്യം

അമേരിക്കൻ ട്രഷറി നിക്ഷേപങ്ങളിലും യൂറോയിലും നിക്ഷേപകർക്ക് വിശ്വാസം കുറഞ്ഞതോടെ സുരക്ഷിത നാണയമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറുന്നു. ലോകത്തെ മുൻനിര ഫണ്ടുകളും കേന്ദ്ര ബാങ്കുകളും കൊവിഡ് കാലത്തിന് ശേഷം വൻ തോതിൽ സ്വർണ ശേഖരം വർദ്ധിപ്പിച്ചു. നിലവിൽ കേന്ദ്ര ബാങ്കുകളുടെ വിദേശ നാണയ ശേഖരത്തിൽ 20 ശതമാനം സ്വർണമാണ്. ഇതോടെ യൂറോയുടെ അളവ് 16 ശതമാനമായി കുറഞ്ഞു.