വിപണിയിൽ വൻ ഡിമാൻഡ്; നട്ട് 40 ദിവസം കൊണ്ട് വിളവെടുക്കാം, പോക്കറ്റ് നിറയ്‌ക്കാൻ ഇതാണ് പറ്റിയ ഐറ്റം
ആറ്റിങ്ങൽ: കേരളത്തിൽ കുക്കുമ്പർ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്തംബർ മുതൽ ഫെബ്രുവരി വരെയാണ്. അടുത്ത കാലത്തായി സാലഡ് വെള്ളരിക്ക് വിപണിയിൽ നല്ല ഡിമാൻഡാണ്. പോളി ഹൗസിലും നല്ല രീതിയിൽ കൃഷി ചെയ്യാവുന്ന കക്കിരി പന്തലിലോ വേലിപ്പന്തലിലോ ഇത് കൃഷി ചെയ്യാവുന്നതാണ്.
കൃഷിരീതി
രണ്ടടി വ്യാസത്തിലും ഒന്നരയടി ആഴത്തിലും കിളച്ച് തടമൊരുക്കി ഇതിൽ ഒരു ചിരട്ട കുമ്മായം ചേർത്തിളക്കണം. രണ്ടാഴ്ച കഴിഞ്ഞ് വളം ചേർത്ത് വിത്ത് നടാം. മഴയുള്ളപ്പോൾ ഉയർത്തിയ തടങ്ങളിലും, മഴ കുറവുള്ളപ്പോൾ ചാലുകളിലുമാണ് വിത്ത് നടേണ്ടത്. നല്ല വളപ്രയോഗം ആവശ്യമുള്ള വിളയാണ് ഹൈബ്രിഡ് കുക്കുമ്പർ. ജൈവ രീതിയിൽ കൃഷി ചെയ്യുമ്പോൾ ജൈവവള കൂട്ടുകൾ ആഴ്ചയിൽ ഒരിക്കൽ നൽകണം.
ബയോഗ്യാസ് സ്ലറി, പിണ്ണാക്ക്-ചാണക സ്ലറി എന്നിവ കൊടുത്താൽ നല്ല വളർച്ച കിട്ടും. ചാരം അടിവളമായും നൽകാം. എല്ലാ ആഴ്ചയും സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുകയും തടം കുതിർക്കുകയും ചെയ്താൽ ഇലയുടെ മഞ്ഞളിപ്പ് മുതൽ പൊടിപ്പൂപ്പ് വരെയുള്ളവയിൽ നിന്നും കക്കിരിയെ സംരക്ഷിക്കാം.
പന്തലിൽ രണ്ട് മീറ്റർ ഇടവിട്ട് പഴക്കെണി തൂക്കുകയും ആഴ്ചയിലൊരിക്കൽ കെണി പുതുക്കുകയും വേണം. നട്ട് 40 മുതൽ 45 ദിവസമാകുമ്പോഴേക്കും ആദ്യ വിളവെടുപ്പ് നടത്താം. ധാരാളം ജലാംശം അടങ്ങിയിട്ടുള്ളതിനാൽ കായ്കൾ മൂപ്പെത്തുന്നതിന് മുമ്പേ വിളവെടുക്കണം.