കൊല്ലത്ത് സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം, ബാങ്ക് ജോലി ലഭിച്ചത് കഴിഞ്ഞ തിങ്കളാഴ്ച
Tuesday 09 September 2025 12:15 PM IST
കൊല്ലം: ശാസ്താംകോട്ടയിൽ സ്‌കൂട്ടർ ബസിലിടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) ആണ് മരിച്ചത്. കൊല്ലം - തേനി ദേശീയപാതയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്‌കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ മറ്റൊരു ബസിൽ ഇടിക്കുകയായിരുന്നു.
റോഡിൽ ഉരഞ്ഞ സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകടസ്ഥലത്ത് തന്നെ അഞ്ജന മരണത്തിന് കീഴടങ്ങി. കരിന്തോട്ട സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് യുവതി. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ലർക്കായി നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിച്ചത്. അടുത്തിടെ അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഒക്ടോബർ 19ന് വിവാഹം നടക്കാനിരിക്കെയാണ് അപകടത്തിൽ അഞ്ജനയുടെ ജീവൻ നഷ്ടമായത്.