കേന്ദ്രമന്ത്രിമാർ വിരൽ അനക്കിയില്ല, കേരളത്തിന്റെ ആ വന്ദേഭാരത് റേക്ക് തമിഴ്നാടിന്, യാത്രക്കാർക്ക് നിരാശ
കൊച്ചി: തിരുവനന്തപുരം- മംഗളൂരു റൂട്ടിൽ 20 കോച്ചുകളുള്ള വന്ദേഭാരത് സർവീസ് ആരംഭിക്കുമ്പോൾ, ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരത് മധുര ഡിവിഷന് നൽകും. ഈ കോച്ചുകൾ ഉപയോഗിച്ച് കൊച്ചി-ബംഗളൂരു വന്ദേഭാരത് പുനരാരംഭിക്കുമെന്ന് കരുതിയ യാത്രക്കാരുടെ പ്രതീക്ഷ തെറ്റി. പുതിയ കോച്ച് ലഭിക്കുന്നതോടെ മധുര ഡിവിഷന് നാല് വന്ദേഭാരത് ട്രെയിനുകളാകും.
കൊച്ചി-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തിയിരുന്ന വന്ദേഭാരതിന് യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു. എന്നാൽ അത് അവസാനിപ്പിക്കുകയായിരുന്നു. ഈ റൂട്ട് പുനഃസ്ഥാപിക്കാൻ സംസ്ഥാനത്തെ കേന്ദ്രമന്ത്രിമാർ ആരും ഇടപെടുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മധുരയിൽ നിന്നുള്ള വന്ദേഭാരതിന് ബംഗളൂരു കന്റോൺമെന്റിൽ സ്ഥലം നൽകാൻ വേണ്ടിയാണ് കൂടുതൽ വരുമാനം ലഭിച്ചിരുന്ന എറണാകുളം-ബംഗളൂരു വന്ദേഭാരത് നിർത്തലാക്കിയത്.
തമിഴ്നാടിന്റെ ആവശ്യം നേടിയെടുക്കാൻ അവിടെയുള്ള കേന്ദ്രഭരണ കക്ഷികൾ ശക്തമായ ഇടപെടലാണ് നടത്തിയത്. എന്നാൽ കേരളത്തിലെ കേന്ദ്ര നേതാക്കൾ ഒരു വിരൽപോലും ഇതിന് വേണ്ടി അനക്കിയില്ല. വെറും ഒരു നിവേദനത്തിൽ മാത്രം ഒതുക്കി. മധുര ഡിവിഷനിൽ നിന്നു ചെന്നൈയലേക്ക് രണ്ടും ബെംഗളൂരുവലേക്കുമാണ് നിലവിൽ വന്ദേഭാരത് സർവീസ്. പുതിയ റേക്ക് ഉപയോഗിച്ച് രാമേശ്വരം-തിരുപ്പതി സർവീസ് ആരംഭിച്ചേക്കുമെന്നാണ് സൂചന. എട്ടു കോച്ചുള്ള മധുര- ബംഗളൂരു സർവീസ് 16 കോച്ച് ആക്കുന്നതും പരിഗണനയിലാണ്.