സംസ്ഥാന സർക്കാരിന് തിരിച്ചടി; ഡോ. ബി അശോകിനെ മാറ്റിയ നടപടി സ്റ്റേ ചെയ്തു

Tuesday 09 September 2025 1:04 PM IST

കൊച്ചി: കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.ടി.ഡി.എഫ്.സിയിലേക്ക് ഡോ. ബി അശോകിനെ സ്ഥലം മാറ്റിയ നടപടിയിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ നടപടി കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രെെബ്യൂണൽ സ്റ്റേ ചെയ്തു. തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രതികാര നടപടിയാണെന്നാണ് ബി അശോക് ട്രെെബ്യൂണലിന് മുന്നിൽ വ്യക്തമാക്കിയത്.

നേരത്തെ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ചപ്പോൾ കോടതിയിൽ പോയി സർക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു. സമാനരീതിയിലാണ് ഇപ്പോഴത്തെയും സ്ഥലംമാറ്റം. നിയമനടപടിക്ക് ഒരുങ്ങിയതിനാൽ പുതുതായി ലഭിച്ച കെ.ടി.ഡി.എഫ്.സിയിലെ സി.എം.ഡി സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നില്ല. പകരം ചുമതല നൽകിയ ടിങ്കു ബിസ്വാൾ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോത്പാദന കമ്മിഷണർ എന്നീ സ്ഥാനങ്ങളിൽ ചുമതലയേൽക്കുകയും ചെയ്തിരുന്നു. ഗതാഗത വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനവും ടിങ്കു ബിസ്വാളിനാണ്. ഇതേ വകുപ്പിന് കീഴിലെ സ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി.

കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കൃഷി വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഡോ. ബി. അശോകിനായിരുന്നു അന്വേഷണ ചുമതല. മുഖ്യമന്ത്രിയുടെ ഓഫീസ്, കൃഷിവകുപ്പിൽ നടത്തിയ അനധികൃത ഇടപെടൽ അന്വേഷണത്തിൽ അശോക് കണ്ടെത്തിയിരുന്നു. ലോക ബാങ്ക് കൃഷിവകുപ്പിലേക്ക് അയച്ച ഇ മെയിലിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയെന്നായിരുന്നു അശോകിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ഐ.ടി. നിയമം അനുസരിച്ച് അന്വേഷിക്കാവുന്ന കുറ്റമാണിതെന്നും കൃഷി മന്ത്രി പി. പ്രസാദിന് അദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നു. മാദ്ധ്യമങ്ങളിൽ വാർത്ത ചോർന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അടിയന്തര മാറ്റം.