ഓട്ടോ ഡ്രൈവർ ശല്യം ചെയ്തതോടെ സ്‌കൂൾ മാറ്റി; പതിനഞ്ചുകാരിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Tuesday 09 September 2025 3:45 PM IST

പുൽപ്പള്ളി: മീനംകൊല്ലി സ്വദേശിനിയായ പതിനഞ്ചുകാരിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാറിന്റെ മകള്‍ കനിഷ്‌കയാണ് (16) മരിച്ചത്. ഓട്ടോ ഡ്രൈവർ പിന്നാലെ നടന്ന് ശല്യം ചെയ്തതായി പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചതോടെ സ്‌കൂൾ മാറ്റി. സുഹൃത്തുക്കളെ പിരിയേണ്ടി വന്നതിന്റെ വേദന കനിഷ്‌കയ്ക്ക് ഉണ്ടായിരുന്നു.

കൂടാതെ കനിഷ്‌കയുടെ മാതാപിതാക്കൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇതും പെൺകുട്ടിയിൽ സമ്മർദമുണ്ടാക്കിയിരുന്നു. പിതാവിനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് കനിഷ്‌ക താമസിക്കുന്നത്. പെൺകുട്ടി മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ശനിയാഴ്ച പ്രദേശത്ത് നടന്ന ഓണാഘോഷ പരിപാടിയിലൊക്കെ കനിഷ്‌ക പങ്കെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ട് മുതലാണ് കനിഷ്‌കയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പുൽപള്ളി ടൗണിലെ അനശ്വര ജംഗ്ഷന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഇന്നലെ ഉച്ചയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.