മദ്യത്തിനുമുണ്ട് എക്‌‌സ്‌പയറി ഡേറ്റ്; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും

Tuesday 09 September 2025 3:48 PM IST

ഭക്ഷ്യ വസ്തുക്കൾ, മരുന്ന് തുടങ്ങിയ മിക്ക വസ്തുക്കൾക്കും എക്‌സ്‌പയറി ഡേറ്റ് ഉണ്ട്. എന്നാൽ മദ്യക്കുപ്പിയുടെ പുറത്ത് ഇത്തരത്തിൽ എക്‌സ്‌പയറി ഡേറ്റ് കണ്ടിട്ടുണ്ടോ? ഇല്ല അല്ലേ? അതിന് അർത്ഥം മദ്യത്തിന് എക്‌സ്‌പയറി ഡേറ്റ് ഇല്ലെന്നല്ല. ഇവയ്ക്കും എക്‌സ്‌പയറി ഡേറ്റ് ഉണ്ട്. ബിയർ, വെെൻ തുടങ്ങിയവയ്ക്ക് നിശ്ചിതമായ ഒരു ഷെൽഫ് ലെെഫ് ഉണ്ട്. അതിന് ശേഷം അവ ഉപയോഗിക്കുന്നത് വളരെ ദോഷമാണെന്ന് വിദഗ്ധർ പറയുന്നു. കൂടാതെ മദ്യം എവിടെ സൂക്ഷിക്കുന്നു, താപനില, ഓക്‌സിഡേഷൻ എല്ലാം പ്രധാനം തന്നെയാണ്.

ബിയറിന് ആറ് മുതൽ എട്ട് മാസത്തോളം ഷെൽഫ് ലെെഫ് ഉണ്ട്. എന്നിരുന്നാലും ഫ്രിഡ്‌ജിൽ വച്ചാൽ ഇത് കൂടുതൽ കാലം നിൽക്കും. എന്നാൽ തുറന്നു കഴിഞ്ഞാൽ ഓന്നോ രണ്ടോ ദിവസത്തിനുള്ളിൽ ഉപയോഗിക്കേണ്ടതുണ്ട്. ജിൻ, വോഡ്ക, റം എന്നിവ ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ കഴിക്കണമെന്നാണ് പറയുന്നത്. കൂടാതെ മികച്ച രുചിക്കായി മദ്യം ഇരുണ്ടതും തണുത്തതുമായ സ്ഥലത്ത് സൂക്ഷിക്കണം. ശരിയായ രീതിയിലെ സംഭരണവും ഇവയുടെ ഷെൽഫ് ലെെഫ് വർദ്ധിപ്പിക്കും. കാലപ്പഴക്കം ബാധിക്കാത്ത മദ്യമാണ് വിസ്‌കി. എന്നാൽ കുപ്പി തുറന്നാൽ ഉടൻ ഓക്സീകരണം സംഭവിക്കും. ഇത് രുചിയെയും മണത്തെയും ബാധിക്കുന്നു.

സൾഫെെറ്റുകൾ പോലുള്ള പ്രിസർവേറ്റീവുകൾ ഇല്ലാതെ ഉത്പാദിപ്പിക്കുന്ന ഓർഗാനിക് വെെനുകൾ മൂന്ന് മുതൽ ആറ് മാസത്തിനുള്ളിൽ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വെെൻ ഓക്‌സിജനുമായി സമ്പർക്കം പുലർത്തുന്നു. അതിനാൽ മികച്ച രുചിക്കായി വെെൻ കുപ്പി തുറന്ന് മൂന്ന് മുതൽ ഏഴ് ദിവസത്തിനുള്ളിൽ കഴിക്കണം.