വെള്ളമോ ഡിറ്റർജന്റോ ഇല്ലാതെ തുണി അലക്കാം, അണുക്കൾ അപ്രത്യക്ഷമാകും; വമ്പൻ കണ്ടുപിടിത്തം

Tuesday 09 September 2025 4:22 PM IST

ഭൂമിയിലെ പോലെയല്ല ബഹിരാകാശത്ത്. ഭക്ഷണവും വസ്ത്രങ്ങളുമടക്കമുള്ള പല കാര്യങ്ങളുമായും ബഹിരാകാശ യാത്രികർ പൊരുത്തപ്പെടേണ്ടി വരും. മുഷിഞ്ഞ വസ്ത്രം കഴുകാനാകില്ലെന്നതാണ് പ്രധാന പ്രതിസന്ധി. എന്നാൽ ഇതിന് പരിഹാരവുമായെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞർ.

വെള്ളമോ ഡിറ്റർജന്റോ ഉപയോഗിക്കാതെ മൂടൽമഞ്ഞും ഓസോണും ഉപയോഗിച്ച് വസ്ത്രങ്ങൾ വൃത്തിയാക്കാൻ സഹായിക്കുന്ന വാഷിംഗ് മെഷീനാണിതെന്നാണ് ചൈനയുടെ അവകാശവാദം. ഈ വാഷിംഗ് മെഷീൻ ഒരു ക്യൂബിന്റെ ആകൃതിയിലാണെന്നാണ് ചൈന ആസ്‌ട്രോനട്ട് റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ (CARTC) സംഘം പറയുന്നത്. അതായത് സ്യൂട്ട്‌കേസിനേക്കാൾ അല്പം വലുതാണിത്. ഏകദേശം 12 കിലോഗ്രാം ഭാരമുണ്ട്.

ഡിറ്റർജന്റിന് പകരം, ഈ യന്ത്രം അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് ഓസോൺ ഉത്പാദിപ്പിക്കുന്നു. ഇത് നല്ലൊരു അണുനാശിനിയാണ്. അഞ്ച് തവണ വരെ ഈ വസ്ത്രം വരെ ധരിച്ചാലും അണുവിമുക്തമായി നിലനിർത്തുന്നു.

ജലലഭ്യത കുറവായതിനാൽ ബഹിരാകാശ യാത്രികർ ബഹിരാകാശത്ത് വസ്ത്രങ്ങൾ കഴുകാറില്ല. നിലവിലെ ദൗത്യങ്ങൾക്ക്, അവർ അവർ ആവശ്യമായ വസ്ത്രങ്ങൾ കൊണ്ടുവരുന്നു. കൂടാതെ ദുർഗന്ധം പ്രതിരോധിക്കുന്ന രീതിയിലുള്ള തുണിത്തരങ്ങളാണ് ഉപയോഗിക്കുന്നത്.

ഈ വാഷിംഗ് മെഷീന്റെ പ്രത്യേകതകൾ

വാഷിംഗ് മെഷീനിന് വെള്ളവും ഡിറ്റർജന്റും ആവശ്യമില്ല.

മെഷീനിലെ അണുനാശിനി വസ്ത്രങ്ങൾ അണുവിമുക്തവും ശുചിത്വവുമുള്ളതായി നിലനിർത്തും.

ഈ വാഷിംഗ് മെഷീൻ മൂടൽമഞ്ഞും ഓസോണും ഉപയോഗിച്ച് വസ്ത്രങ്ങൾ വൃത്തിയാക്കുന്നു.