എക്സ്‌റ്റൻഡഡ് വാറന്റി നിഷേധം: 33,500 രൂപ നഷ്ടപരിഹാരം

Wednesday 10 September 2025 6:01 PM IST

കൊച്ചി: കൂടുതൽ പണം നൽകി എടുത്ത അധിക വാറന്റി കാലയളവിൽ ടെലിവിഷൻ സൗജന്യമായി നന്നാക്കി നൽകാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കോടതി വിധിച്ചു. ബിസ്മി അപ്ലയൻസസ്, ഫിലിപ്‌സ് ഇന്ത്യ ലിമിറ്റഡ് എന്നിവർക്കെതിരെ വൈറ്റില സ്വദേശി സുനിത ബിനുകുമാർ നൽകിയ പരാതിയിലാണിത്.

2015ഏപ്രിലിൽ 27,000 രൂപയ്‌ക്ക് വാങ്ങിയ ഫിലിപ്‌സ് എൽ.ഇ.ഡി ടെലിവിഷന് മൂന്നു വർഷത്തെ കമ്പനി വാറന്റിക്ക് പുറമെ, 2,690 രൂപ കൂടുതൽ നൽകി രണ്ട് വർഷത്തേക്ക് 'ബിസ്മി കെയർ അധിക വാറന്റി"യും വാങ്ങിയിരുന്നു. മൂന്നു വർഷത്തെ കമ്പനി വാറന്റി അവസാനിച്ചതിന് തൊട്ടുപിന്നാലെ, 2018 മേയിൽ ടി.വിക്ക് തകരാറുണ്ടായി. നന്നാക്കാൻ 2,200 രൂപ ആവശ്യപ്പെടുകയും വാറന്റി കഴിഞ്ഞെന്ന കാരണം പറഞ്ഞ് കമ്പനി കൈയൊഴിയുകയും ചെയ്തു. പണം വാങ്ങി നൽകിയ എക്സ്‌റ്റൻഡഡ് വാറന്റിയിലെ സേവനം ഉപഭോക്താവിന് നിഷേധിച്ചത് അവകാശലംഘനമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു.

എതിർകക്ഷികൾ പരാതിക്കാരിയുടെ ടെലിവിഷൻ സൗജന്യമായി നന്നാക്കി നൽകണം. അല്ലെങ്കിൽ ടി.വിയുടെ വിലയുടെ 50ശതമാനമായ 13,500 രൂപ നൽകണം. പരാതിക്കാരിക്ക് നേരിട്ട മാനസികവിഷമത്തിനും പ്രയാസങ്ങൾക്കും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും 30 ദിവസത്തിനകം നൽകണമെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി ഉത്തരവ് നൽകി.