ചങ്ങരംകുളത്തെ പുതിയ ട്രാഫിക് പരിഷ്കരണം പാളിയെന്ന് വ്യാപാരികൾ
Wednesday 10 September 2025 12:10 AM IST
ചങ്ങരംകുളം :ചങ്ങരംകുളം ടൗണിൽ അടുത്തിടെ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കരണം വ്യാപാരികളെ പ്രതിസന്ധിയിലാക്കിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. കഴിഞ്ഞ ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ ടു വീലറുകൾക്ക് വൺവേ ബാധകമല്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ പൊലീസ് ഇവരെയും തടയുന്നത് മൂലം ടൗണിന്റെ ഒരു ഭാഗത്തുള്ള കച്ചവടക്കാർ ആളുകൾ എത്താത്ത അവസ്ഥയിലായി. ഇത് ഉത്സവ കാല കച്ചവടത്തെ ഏറെ ബാധിച്ചു. ആലംകോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചങ്ങരംകുളം ടൗണിൽ തിരക്ക് ഒഴിവാക്കാനാണ് ട്രാഫിക് പരിഷ്കരണം കൊണ്ടുവന്നത്. ഓണത്തിനോടനുബന്ധിച്ച് നടപ്പാക്കിയ പരിഷ്കരണത്തിൽ ടൗണിൽ കൂടുതൽ വാഹനങ്ങൾ എത്തിയതോടെ ട്രാഫിക് സംവിധാനം ആകെ താളം തെറ്റിയിരുന്നു. അടിയന്തരമായി ട്രാഫിക് റെഗുലേറ്ററി യോഗം ചേർന്ന് പരിഷ്കരണത്തിൽ വന്ന പാളിച്ചകൾ തിരുത്തണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്