ഓപ്പറേഷൻ ഷൈലോക്ക്: റൂറൽ ജില്ലയിൽ വ്യാപക പരിശോധന, നാല് പേർ പിടിയിൽ

Wednesday 10 September 2025 12:14 AM IST
'ഓപ്പറേഷൻ ഷൈലോക്ക്'ന്റെ ഭാഗമായി റൂറൽ ജില്ല പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ പിടിച്ചെടുത്ത സ്വർണാഭരണങ്ങളും പണവും

ആലുവ: കൊള്ളപ്പലിശക്കാരെ പൂട്ടാൻ സംസ്ഥാനതലത്തിൽ പൊലീസ് നടത്തിയ 'ഓപ്പറേഷൻ ഷൈലോക്ക്'ന്റെ ഭാഗമായി റൂറൽ ജില്ലയിൽ പൊലീസ് പരിശോധന നടത്തി. 40 ഇടങ്ങളിലായി നടന്ന റെയ്ഡിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു.

നെടുമ്പാശേരി തെറ്റാലി പുത്തൻപുരയ്ക്കൽ ഡേവിസ്, ആലുവ കുന്നത്തേരി പരുത്തിക്കുടിവീട്ടിൽ ഹമീദ്, രായമംഗലം ഓവുങ്ങമാലിൽ അജയ്, പറവൂരിൽ മുല്ലക്കര ഷുക്കൂർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡേവിസിന്റെയും ഹമീദിന്റെയും അറസ്റ്റ് രേഖപ്പെടുത്തി.

ഡേവിസിൽനിന്ന് 13 ഇരുചക്രവാഹനങ്ങൾ, മൂന്ന് ആർ.സി ബുക്കുകൾ, 3,446,30 രൂപ എന്നിവ കണ്ടെടുത്തു. ഹമീദിൽനിന്ന് ഏഴ് കാറുകൾ, 15 ആർ.സി ബുക്ക്, 13 മുദ്രപ്പത്രങ്ങൾ തുടങ്ങിയവ പിടികൂടി. അജയനിൽ നിന്നും 157 ഗ്രാം സ്വർണവും 40,150 രൂപയും പിടിച്ചെടുത്തു. പറവൂരിൽ മുല്ലക്കര ഷുക്കൂറിൽ നിന്ന് ആധാരം, ബ്ലാങ്ക് മുദ്രപ്പത്രങ്ങൾ, വാഹന ഉടമ്പടിക്കരാർ, ആർ.സി ബുക്കുകൾ തുടങ്ങിയവയാണ് കണ്ടെടുത്തത്.

അഞ്ച് സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലായിരുന്നു പരിശോധന. രാവിലെ ഏഴ് മണിക്കാരംഭിച്ച പരിശോധന രാത്രിയും തുടരുകയാണ്.