ശ്രീകൃഷ്ണജയന്തി: ജില്ലയിൽ 400 ശോഭായാത്രകൾ

Tuesday 09 September 2025 7:41 PM IST

 ഇന്ന് പതാകദിനം

കൊച്ചി: ശ്രീകൃഷ്ണജയന്തിദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ 400 കേന്ദ്രങ്ങളിൽ ശോഭായാത്രകൾ സംഘടിപ്പിക്കും. ബാലഗോകുലത്തിന്റെ സുവർണജയന്തി വർഷം കണക്കിലെടുത്ത് ശോഭായാത്രകളിൽ ആയിരക്കണക്കിന് ശ്രീകൃഷ്ണഭക്തരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് ബാലഗോകുലം കൊച്ചി മഹാനഗർസമിതിയും ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷസമിതിയും അറിയിച്ചു.

ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് 500 കേന്ദ്രങ്ങളിൽ കാവി പതാക ഉയർത്തി പതാകദിനം ആചരിക്കും. പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് സാംസ്‌കാരിക സമ്മേളനങ്ങളും കുടുംബസംഗമങ്ങളും നടക്കുന്നു.

12ന് എറണാകുളം ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ കുടുംബസംഗമം ഗായകൻ എം.ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. അഖില ഭാരതീയ പ്രജ്ഞാപ്രവാഹ് സംയോജകൻ ജെ. നന്ദകുമാർ സന്ദേശം നൽകും. നൂറോളം കേന്ദ്രങ്ങളിൽ ഗോപൂജ, ഉറിയടി, നാമാർച്ചന നടക്കും.

 ശിവക്ഷേത്രത്തിൽ സമാപനം

എറണാകുളം പരമാരദേവി, അയ്യപ്പൻകാവ്, തിരുമല ദേവസ്വം, രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രങ്ങളിൽ നിന്നാരംഭിക്കുന്ന ശോഭായാത്ര ജോസ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി എറണാകുളം ശിവക്ഷേത്രത്തിൽ സമാപിക്കും. 14ന് വൈകിട്ട് 4നാണ് ശോഭായാത്രകൾ പുറപ്പെടുക. വിവിധ സ്ഥലങ്ങളിൽ സംഗമിച്ച് മഹാശോഭായാത്രയായി പ്രധാന ക്ഷേത്രങ്ങളിൽ ദീപാരാധനയ്ക്ക് മുമ്പ് എത്തും. തുടർന്ന് പ്രസാദവിതരണത്തോടെയാണ് സമാപനം.