പൊലീസ് അതിക്രമം: വീഡിയോ ദൃശ്യങ്ങൾ നൽകിയത് എഡിറ്റ് ചെയ്ത്, ഡി.ജി.പിക്ക് പരാതി
കൊച്ചി: അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ പള്ളൂരുത്തി പോലീസ് സ്റ്റേഷൻ വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ശബ്ദം വികൃതമാക്കി പൊലീസിന്റെ കള്ളക്കളിയെന്ന് ആരോപണം. വിവരാവകാശ നിയമത്തിൽ ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് പള്ളുരുത്തി സ്വദേശി സുരേഷ് പടക്കാറയെന്ന വയോധികന് ദൃശ്യങ്ങൾ ലഭ്യമായത്. എഡിറ്റ് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്കും വിവരാവകാശ കമ്മിഷനും പരാതി നൽകി.
സ്റ്റേഷൻ റൈറ്റർ ടി.എ. എഡ്വേർഡ് തന്നെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും അവഹേളിക്കുന്നതുമായ ദൃശ്യങ്ങൾ ചോദിച്ചായിരുന്നു സുരേഷിന്റെ അപേക്ഷ. തടയാൻ കേരള പൊലീസിന്റെ പതിവ് തന്ത്രങ്ങളുമുണ്ടായി. ആ സമയത്ത് സ്റ്റേഷനിൽ പോക്സോ കേസ് ഇരകളും വനിതകളും മറ്റുമുണ്ടെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു. ഒന്നാം അപ്പീലിലും ഇതേ ന്യായം ആവർത്തിച്ചു. രണ്ടാം അപ്പീലിൽ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ നിന്ന് 21 മിനിറ്റുള്ള ദൃശ്യങ്ങൾ ലഭിച്ചു.
അധികാര ദുർവിനിയോഗത്തിനും ഭീഷണിപ്പെടുത്തിയതിനും എഡ്വേർഡിനെതിരെ അടിയന്തരമായി അച്ചടക്ക നടപടി വേണമെന്നും വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തവർക്കെതിരെ അന്വേഷണം വേണമെന്നും പരാതിയിൽ സുരേഷ് പടക്കാറ ആവശ്യപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ നടപടി ഉണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.
പൊലീസിനെ സഹായിക്കാൻ
ചെന്നപ്പോൾ കിട്ടിയ പണി
പ്രദേശത്ത് നടന്ന മാല മോഷണക്കേസ് അന്വേഷണത്തിന് തന്റെ വീടിനു മുന്നിലുള്ള സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം നൽകാനാണ് 2024 മേയ് 29ന് സുരേഷ് സ്റ്റേഷനിലെത്തിയത്. പള്ളുരുത്തി അഴകിയകാവ് ക്ഷേത്രഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട നിയമയുദ്ധങ്ങളിലും സജീവമാണ് ഇദ്ദേഹം. ഇക്കാര്യത്തിൽ എഡ്വേർഡുമായി മുഷിച്ചിലുമുണ്ട്. എഡ്വേർഡിന്റെ ഇടപെടലിനെതിരെ സുരേഷ് ഫേസ്ബുക്കിൽ പരാമർശം നടത്തിയതാണത്രെ പ്രകോപനം.
അപ്പോൾ തന്നെ സ്റ്റേഷൻ ഇൻസ്പെക്ടർ സഞ്ജു ജോസഫിന് വാക്കാലും മട്ടാഞ്ചേരി എ.സി.പിക്ക് രേഖാമൂലവും പരാതി നൽകി. എഡ്വേർഡിനെ ട്രാഫിക് സ്റ്റേഷനിലേക്ക് മാറ്റി.
ഒരു വർഷം നീണ്ട വിവരാവകാശ പോരാട്ടം
1. സ്റ്റേഷൻ റൈറ്റർ ടി.എ. എഡ്വേർഡ് തന്നെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും അവഹേളിക്കുന്നതുമായ ദൃശ്യങ്ങൾ ആവശ്യപ്പെട്ടായിരുന്നു സുരേഷിന്റെ വിവരാവകാശ അപേക്ഷ.
2. സ്റ്റേഷനിൽ തത്സമയം പോക്സോ കേസ് ഇരകളും വനിതകളും മറ്റുമുണ്ടെന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു
3. ഒന്നാം അപ്പീലും നിരസിച്ചു.
4. രണ്ടാം അപ്പീലിൽ സംസ്ഥാന വിവരാവകാശ കമ്മിഷനിൽ നിന്ന് 21 മിനിറ്റുള്ള ദൃശ്യങ്ങൾ ലഭിച്ചു.
5. എഡിറ്റ് ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്കും വിവരാവകാശ കമ്മിഷനും പരാതി നൽകി.
പോരാട്ടം തുടരും
ശബ്ദവ്യക്തതയുള്ള ദൃശ്യങ്ങൾക്കായി സുപ്രീം കോടതി വരെ പോരാടും. അഹങ്കാരികളും ക്രിമിനലുകളുമായ കുറച്ചു പേരാണ് കേരളാ പൊലീസിന് ചീത്തപ്പേരുണ്ടാക്കുന്നത്. ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർക്കെതിരെയും നടപടി വേണം.
സുരേഷ് പടക്കാറ