കേരളത്തിലെ വലിയ ജംഗ്ഷനുകളിലൊന്ന്; എത്തുന്നത് ലക്ഷം ആളുകള്‍, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ 'മാസ്റ്റര്‍പ്ലാന്‍'
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ജംഗ്ഷനുകളിലൊന്നില്‍ ജനങ്ങളെ വലയ്ക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു. പൊലീസും നഗരസഭയും ഗതാഗതവകുപ്പും ചേര്‍ന്നാണ് തലസ്ഥാന നഗരത്തിലെ ഈസ്റ്റ് ഫോര്‍ട്ട് (കിഴക്കേക്കോട്ട) ജംഗ്ഷനെ നവീകരിക്കാന്‍ ഒരുങ്ങുന്നത്. അടുത്ത മാസം ആദ്യത്തോടെ ബസ് പാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെ മറികടക്കുന്നതരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹൈക്കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കൂടി പാലിച്ചാകും നടപടികള്‍.
നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് കാരണം. ദിവസേന 510 ബസുകളാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്. ഇതില്‍ 410 എണ്ണം കെഎസ്ആര്‍ടിസിയുടേയും ബാക്കിയുള്ള നൂറെണ്ണം സ്വകാര്യ ബസുകളുമാണ്. ഇവ രണ്ട് വരിയായി പാര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ റോഡിന്റെ പകുതിയിലധികം ഭാഗത്തെ സ്ഥലം പോകും.
ബാക്കിയുള്ള സ്ഥലത്ത് കൂടി മറ്റ് വാഹനങ്ങള്‍ കടന്ന് പോകുകയും ഒപ്പം ബസുകളില്‍ കയറാന്‍ ആളുകള്‍ റോഡിലേക്ക് ഇറങ്ങുകയും ചെയ്യുമ്പോള്‍ മിക്കവാറും സമയവും മണിക്കൂറുകളെടുത്താലും അഴിയാത്ത കുരുക്കാണ് കിഴക്കേക്കോട്ടയില്‍ രൂപപ്പെടുന്നത്. പത്മനാഭ സ്വാമി ക്ഷേത്രം ഉള്‍പ്പെടുന്ന പ്രദേശത്ത് തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ ദിവസേന ലക്ഷണക്കിന് ആളുകളാണ് എത്തുന്നത്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും ഒറ്റവരിയായി പാര്‍ക്ക് ചെയ്യുന്നതരത്തിലാണ് പുതിയമാറ്റം വരുത്തുന്നത്.
ഒരേ സമയം പത്ത് ബസുകളാണ് നിര്‍ത്തിയിടാന്‍ കഴിയുക. ഒരു ബസിന് ശരാശരി മൂന്ന് മിനിറ്റ് ആയിരിക്കും പാര്‍ക്കിംഗ് സമയമായി അനുവദിക്കുക. സ്വകാര്യ ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ കാല്‍നട മേല്‍പ്പാലത്തിന്റെ താഴത്തെ വശം മുതല്‍ വെട്ടിമുറിച്ച കോട്ടവരെയുള്ള സ്ഥലത്ത് താത്കാലിക ഷെഡുകള്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നത്. ഗാന്ധിപാര്‍ക്കിനു പുറകിലായി പാര്‍ക്ക് ചെയ്യുന്ന ബസുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും.
നടപ്പാതകള്‍ കൈയേറിയുള്ള വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാനും മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യങ്ങള്‍ ആളുകള്‍ക്ക് ഒരുക്കാനും കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നു. ഇതോടൊപ്പം ആളുകള്‍ അപകടരീതിയില്‍ റോഡുകള്‍ മുറിച്ചുകടക്കുന്നത് തടയാനായി യു-ടേണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും നടപടിയുണ്ട്.