ഏറ്റുമാനൂർ പൊലീസിനെതിരെ യുവാവിന്റെ പിതാവ്
കോട്ടയം : സ്വകാര്യബസ് ബൈക്കിൽ തട്ടി നിറുത്താതെ പോയത് ചോദ്യം ചെയ്ത മകനെ അകാരണമായി ഏറ്റുമാനൂർ പൊലീസ് മർദ്ദിച്ചെന്നും, കള്ളക്കേസിൽ കുടുക്കിയെന്നും ആരോപിച്ച് പിതാവ് നിയമനടപടിയ്ക്ക്. ഏറ്റുമാനൂർ പാറോലിക്കൽ ശ്രീനന്ദനം വീട്ടിൽ അഭയ് (25) നെയാണ് ഏറ്റുമാനൂർ എസ്.എച്ച്.ഒ അൻസിലിന്റെ നേതൃത്വത്തിൽ മർദ്ദിച്ചത്. ഇത് സംബന്ധിച്ച് പിതാവും മുൻ പൊലീസുകാരനും കിടങ്ങൂർ പഞ്ചായത്ത് സെക്രട്ടറിയുമായ എസ്.കെ.രാജീവ് ഗവർണർ,മുഖ്യമന്ത്രി,പ്രതിപക്ഷനേതാവ്,ഡി.ജി.പി,മനുഷ്യാവകാശകമ്മിഷൻ,എസ്.സി,എസ്.ടി കമ്മിഷൻ എന്നിവർക്ക് പരാതി നൽകി. മകനെ മർദ്ദിച്ച അഞ്ചുപേർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യം അന്യായം ഫയൽചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. യുവാവിനെ ലാത്തിക്കൊണ്ടടിച്ച് പൊലീസ് ജീപ്പിന് പിന്നിലേക്ക് തള്ളിയിട്ട് മർദ്ദിച്ചു. ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിന് പകരം സ്റ്റേഷനടുത്തുള്ള ജനമൈത്രി മീഡിയേഷൻ സെന്ററിൽ കൊണ്ടുപോയി വീണ്ടും അടിച്ചെന്ന് പിതാവ് പറഞ്ഞു. മെഡിക്കൽ പരിശോധന നടത്തിയ ശേഷം പരാതിയില്ലെന്ന് എഴുതി വാങ്ങിച്ചാണ് പിന്നീട് വിട്ടത്. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മനസിലായതോടെ ഡ്രൈവറെ ഹെൽമറ്റിനടിച്ചെന്നാരോപിച്ച് കള്ളക്കേസ് എടുത്തു. നാട്ടകം കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ടുള്ള കേസിൽ കാപ്പ ചുമത്തിയെങ്കിലും കാപ്പ അഡ്വൈസറി ബോർഡിൽ അപ്പീൽ നൽകിയതോടെ റദ്ദാക്കി. ഡിപ്രഷന് കളമശേരിയിൽ മകനെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് ലഹരിക്കടിമയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചതായും രാജീവ് ആരോപിച്ചു.
സുഹൈറിനെ പ്രതി ചേർക്കണമെന്ന് ഹർജി
തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ മർദ്ദിച്ച കേസിൽ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിച്ചേക്കും. പഴയന്നൂർ പഞ്ചായത്തിന് കീഴിൽ വി.ഇ.ഒയായി ജോലി ചെയ്യുന്ന സുഹൈർ പൊലീസിലെ മുൻ ഡ്രൈവറാണ്. ഇയാളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കുന്നംകുളം കോടതിയിൽ സുജിത്ത് ഇന്നലെ പരാതി നൽകി. പരാതി ഫയലിൽ സ്വീകരിച്ചതായാണ് വിവരം.