ജപ്പാൻ കോർപ്പറേറ്റുകൾക്ക് ഇന്ത്യയിൽ താത്പര്യമേറുന്നു
കൊച്ചി: ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ജപ്പാനിലെ ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്ക് പ്രിയമേറുന്നുവെന്ന് സർവേ. ജൂൾസ് ടു വാട്ട്‌സ് ബിസിനസ് സൊല്യൂഷൻസ്(ജെ.2ഡബ്‌ള്യു) നടത്തിയ ജി.സി.സി അഡോപ്ഷൻ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, ബി.എഫ്.എസ്.ഐ, നിർമ്മാണം തുടങ്ങിയ മേഖലകളിലെ 50ൽഅധികം ജാപ്പനീസ് സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന നേതാക്കളെ പങ്കെടുപ്പിച്ചാണ് സർവേ നടത്തിയത്. ഇന്ത്യയിൽ ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾ (ജി.സി.സി) സ്ഥാപിക്കാൻ ജപ്പാൻ കമ്പനികൾക്ക് ഏറെ താത്പര്യമുണ്ടെന്ന് സർവേ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വൈദഗ്ദ്ധ്യമുള്ള പ്രതിഭാ ലഭ്യത, ചെലവ് ചുരുക്കൽ, ഡിജിറ്റൽ പരിവർത്തന വേഗത എന്നിവയ്ക്ക് ഉയർന്ന റേറ്റിംഗാണ് സർവേയിൽ പ്രതികരിച്ചവർ നൽകിയത്. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, മുംബൈ, ഡൽഹി എൻ.സി.ആർ എന്നിവയാണ് മികച്ച സ്ഥലങ്ങളായി കമ്പനികൾ പരിഗണിക്കുന്നത്. കൊച്ചി, പൂനെ തുടങ്ങിയ രണ്ടാം നിര നഗരങ്ങളോടും താൽപര്യമേറെയാണ്. ചെലവ് കുറവും ഉയർന്ന പ്രതിഭാ ശേഷിയുമാണ് പ്രധാന കാരണങ്ങൾ. കമ്പനികൾ തൊഴിൽ ശക്തി വികസനത്തിൽ ശക്തമായ ഊന്നൽ നൽകുന്നു, ഇന്ത്യൻ പ്രവർത്തനങ്ങളിലുടനീളം 60 ശതമാനം നൈപുണ്യ വർദ്ധന ലക്ഷ്യമിടുന്നു. ഇന്ത്യ ആസ്ഥാനമായുള്ള ജി.സി.സികളിൽ നിക്ഷേപം നടത്തുന്നതിന് കമ്പനികളെ പ്രേരിപ്പിക്കുന്നതിനു പിന്നിലെ പ്രധാന കാരണം ജപ്പാനിലെ ആഭ്യന്തര തൊഴിലാളി ക്ഷാമമാണെന്ന് കമ്പനികളുടെ പ്രതിനിധികൾ പറഞ്ഞു,
ഇന്ത്യയുടെ ആകർഷണം
പ്രതിവർഷം 15 ലക്ഷം സയൻസ് ബിരുദധാരികൾ പുറത്തിറങ്ങുന്നു. ഇവരുടെ വൈദഗ്ദ്ധ്യ മികവ് പ്രവർത്തന ചെലവ് 40 ശതമാനം വരെ കുറയ്‌ക്കും. ഇന്ത്യൻ കമ്പനികൾ ഗവേഷണ വികസനം, ഓട്ടോമേഷൻ, 24/7 ആഗോള പ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നവീകരണ പ്രേരിത കേന്ദ്രങ്ങൾ നിർമ്മിക്കുന്നതും അനുകൂല ഘടകമാണ്.
ജപ്പാൻ നേരിടുന്ന വെല്ലുവിളികൾ
ആഭ്യന്തര തൊഴിലാളി ക്ഷാമം
ഉയർന്ന പ്രവർത്തന ചെലവുകൾ
ഡിജിറ്റലൈസേഷന്റെ മന്ദഗതി