വനിതാ ശാക്തീകരണത്തിന് ധനലക്ഷ്മി ബാങ്കും കുടുംബശ്രീയും ധാരണയിൽ
തൃശൂർ: സുസ്ഥിര വനിതാ ശാക്തീകരണത്തിനായി ധനലക്ഷ്മി ബാങ്കും സംസ്ഥാന കുടുംബശ്രീ മിഷനും ധാരണയിലെത്തി. കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ ഇതിലൂടെ ലഭ്യമാക്കും. തിരുവനന്തപുരത്ത് കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എച്ച്.ദിനേശനും ധനലക്ഷ്മി ഡെപ്യൂട്ടി ജനറൽ മാനേജർ (ബിസിനസ് ഡെവലപ്‌മെന്റ് ആൻഡ് പ്ലാനിംഗ്) പി.എച്ച്.ബിജുകുമാറും ധാരണാപത്രം കൈമാറി.
സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകൾ, അയൽക്കൂട്ടങ്ങൾക്ക് ലിങ്കേജ് വായ്പകൾ, സാമൂഹ്യ സുരക്ഷ പദ്ധതികൾ തുടങ്ങിയവ ധനലക്ഷ്മി ബാങ്ക് ലഭ്യമാക്കും. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ സി.നവീൻ, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ, ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജർ രാജേഷ് കെ.അലക്‌സ്, മാനേജർ മനു ആർ.നായർ, കുടുംബശ്രീ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ജി.ലിബിൻ എന്നിവർ പങ്കെടുത്തു.