250 ലക്ഷം കോടി രൂപ കവിഞ്ഞ് ഇന്ത്യക്കാരുടെ സ്വർണ ആസ്തി

Wednesday 10 September 2025 12:42 AM IST

ഇന്ത്യൻ കുടുംബങ്ങളിലുള്ളത് 25,000 ടൺ സ്വർണം

കൊച്ചി: ചരിത്രത്തിലാദ്യമായി വില ഗ്രാമിന് 10,000 രൂപ കവിഞ്ഞതോടെ ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണത്തിന്റെ മൂല്യം 250 ലക്ഷം കോടിക്ക് മുകളിലെത്തി. ഇന്ത്യൻ കുടുംബങ്ങൾ, അതിസമ്പന്നർ, ക്ഷേത്രങ്ങൾ എന്നിവയുടെ കൈവശം 25,000 ടൺ സ്വർണ ശേഖരമുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. നിലവിലെ വിലയനുസരിച്ച് ഒരു കിലോ സ്വർണത്തിന് ഒരു കോടി രൂപയാണ് വില. കഴിഞ്ഞ 25 വർഷങ്ങളിൽ പ്രതിവർഷം ശരാശരി 700 ടൺ സ്വർണം വീതം മൊത്തം 17,500 ടണ്ണാണ് ഇന്ത്യ ഔദ്യോഗികമായി ഇറക്കുമതി നടത്തിയത്. കള്ളക്കടത്തിലൂടെ ഇന്ത്യയിലെത്തിയ സ്വർണം ഇതിന്റെ മൂന്നിരട്ടിയുണ്ടാകും. ഇറക്കുമതിയുടെ പത്ത് ശതമാനം മാത്രമാണ് പുനർകയറ്റുമതി നടത്തിയത്. ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ സ്വർണ ശേഖരം അയ്യായിരം ടൺ കവിയും. പുതിയ കണക്കുകളനുസരിച്ച് റിസർവ് ബാങ്കിന്റെ കൈവശം 880 ടൺ സ്വർണമാണുള്ളത്. ഇതിന്റെ മൂല്യം 8.8 ലക്ഷം കോടി രൂപയാണ്.

ഇന്ത്യക്കാരുടെ കൈവശമുള്ള സ്വർണ ശേഖരം 25,000 ടൺ

ഒരു കിലോ സ്വർണത്തിന്റെ വില ഒരു കോടി രൂപ

25 വർഷത്തിനിടെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 17,500 ടൺ

കേരളത്തിലെ മൂന്ന് എൻ.ബി.എഫ്.സികളുടെ കൈവശം സ്വർണം 320 ടൺ

സ്വർണ പണയത്തിന് പ്രിയമേറുന്നു

സ്വർണ വില റെക്കാഡുകൾ പുതുക്കി കുതിക്കുന്നതിനാൽ സ്വർണ പണയ ബിസിനസ് പൊടിപൊടിക്കുന്നു. വീട്ടിൽ സ്വർണം സൂക്ഷിക്കുന്നതിൽ സുരക്ഷിതത്വം കുറഞ്ഞതോടെ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയ ഉരുപ്പടിയായി ഏൽപ്പിക്കുന്നവരുടെ എണ്ണമേറുകയാണ്. കേരളത്തിലെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്. മുത്തൂറ്റ് ഫിൻ കോർപ്പ്, മണപ്പുറം ഫിനാൻസ്, മുൻനിര ബാങ്കുകൾ എന്നിവയുടെ ബിസിനസും ഗണ്യമായി കൂടി. 2027 മാർച്ചോടെ ഇന്ത്യയിലെ സ്വർണ പണയ വിപണി 20 ലക്ഷം കോടി രൂപ കവിയുമെന്ന് അനലിസ്‌റ്റുകൾ പറയുന്നു.