അന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തി, ഇടിയൻ പൊലീസിന് പ്രമോഷൻ, മധുബാബുവിനെതിരായ എസ്.പി റിപ്പോർട്ട് വെളിച്ചം കണ്ടില്ല
തിരുവനന്തപുരം : പൊലീസിലെ ക്രിമിനൽ സ്വഭാവമുള്ള 'ഇടിയൻമാർ"ക്കെതിരെ മേലുദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ പൂഴ്ത്തിയും വെള്ളം ചേർത്തും അവർക്ക് സംരക്ഷണം ഒരുക്കിയത് സർക്കാരിന് തലവേദനയായി. സേനയിൽ ഇത്തരക്കാർക്ക് പ്രമോഷനും ലഭിച്ചു.
പത്തനംതിട്ട സി.ഐയായിരിക്കെ എസ്.എഫ്.ഐ നേതാവിനെ മർദ്ദിച്ച മധു ബാബുവിനെതിരെ എസ്.പിയായിരുന്ന ഹരിശങ്കറാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിന്മേൽ നടപടി എടുത്തില്ല. പകരം സ്ഥാനക്കയറ്റം നൽകി ഡിവൈ.എസ്.പിയാക്കി. നിയമനം ആലപ്പുഴയിൽ. ഡിവൈ.എസ്.പിമാരുടെ സംഘടനയായ സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ സംസ്ഥാന ട്രഷററാണ് ഇദ്ദേഹം! സംഘടനാസ്വാധീനമാണ് മധു ബാബുവിന്റെ പിൻബലം. എസ്.എഫ്.ഐ പത്തനംതിട്ട ജില്ല പ്രസിഡന്റായിരുന്നു ജയകൃഷ്ണൻ തണ്ണിത്തോട്.
മധുബാബു സ്ഥിരമായി കസ്റ്റഡി മർദ്ദനം നടത്തുന്ന ഉദ്യോഗസ്ഥനാണെന്നും ക്രമസമാധാനചുമതല നൽകരുതെന്നും ഹരിശങ്കറിന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്നു. കാലിന്റെ വെള്ള അടിച്ചുപൊട്ടിച്ചു, കണ്ണിലും ശരീരത്തിലും മുളക് സ്‌പ്രേ ചെയ്തു, ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചു എന്നിങ്ങനെയാണ് ജയകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. പുറത്തുവന്നുകൊണ്ടിരിക്കുന്ന മറ്റു കേസുകളുടെ കാര്യവും ഭിന്നമല്ല.
പീച്ചിയിൽ സസ്‌പെൻഷൻ ഉടൻ
കസ്റ്റഡി മർദ്ദനത്തിൽ പീച്ചി സ്റ്റേഷനിലെ എസ്.ഐയായിരുന്ന രതീഷിനെതിരെ അച്ചടക്ക നടപടി ഉടനുണ്ടാവും. രതീഷിന് ദക്ഷിണ മേഖല ഐ.ജി ശ്യാം സുന്ദർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി ലഭിച്ചാൽ ഉടൻ നടപടിയുണ്ടാകും. വ്യക്തമായ തെളിവുള്ളതിനാൽ സസ്‌പെൻഷനുണ്ടാകുമെന്നാണ് വിവരം.
കുന്നംകുളം സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിൽ സസ്‌പെൻഷനിലുള്ള നാല് ഉദ്യോഗസ്ഥർക്കെതിരെ തുടർനടപടിയും ആരംഭിച്ചിട്ടുണ്ട്.