പാലിയേക്കരയിലെ ടോൾവിലക്കിന് മാറ്റമില്ല

Wednesday 10 September 2025 1:53 AM IST

കൊച്ചി: പാലിയേക്കരയിലെ ടോൾപിരിവ് വിലക്കിയ ഉത്തരവ് തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയപാതയിൽ മണ്ണുത്തി - ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്ക് വിശദീകരിക്കാൻ തൃശൂർ ജില്ലാ കളക്ടർ ഇന്ന് ഓൺലൈനിൽ ഹാജരാകണം. സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായെന്നും ടോൾപിരിക്കാൻ അനുവദിക്കണമെന്നും ദേശീയപാത അതോറിട്ടി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം.

സർവീസ് റോഡുകൾ നന്നാക്കിയെങ്കിലും ഗതാഗതപ്രശ്‌നങ്ങളുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവിയുടേയും ആർ.ടി.ഒയുടേയും പരിശോധനയുടെ അടിസ്ഥാനത്തിൽ കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. തുടർന്നാണ് കളക്ടറോട് ഓൺലൈനിൽ ഹാജരാകാൻ നിർദ്ദേശിച്ചത്. അടിപ്പാത നിർമ്മാണം നടക്കുന്ന ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ എന്നിവിടങ്ങളിലാണ് പ്രശ്നങ്ങളുള്ളത്. ഇവിടെ കൽവർട്ട് സ്ലാബ്, കാനകൾ തുടങ്ങിയവയുടെ കാര്യത്തിലാണ് ജില്ലാ ഭരണകൂടം പോരായ്‌മകൾ ചൂണ്ടിക്കാട്ടുന്നത്. സർവീസ് റോഡുകളുടെ അറ്റകുറ്റപ്പണി പതിവായി നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. അടിപ്പാത പൂർത്തിയാകാതെ ശാശ്വത പരിഹാരമുണ്ടാകില്ലെന്നും റിപ്പോർട്ടിലുണ്ട്.