പാമ്പു പഠനം സ്കൂൾ പാഠപുസ്തകത്തിൽ റിപ്പോർട്ട് നൽകി വിദ്യാ. വകുപ്പ്

Wednesday 10 September 2025 12:14 AM IST

തൊടുപുഴ: പാമ്പുകടിയേറ്റാൽ എന്തു ചെയ്യണം, എങ്ങനെ പ്രതിരോധിക്കാം എന്നതുൾപ്പെടെ പാമ്പുകളെക്കുറിച്ചുള്ള പാഠഭാഗം സംസ്ഥാനത്തെ 9, 11 ക്ളാസുകളിലെ സിലബസിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് വനംവകുപ്പിന്റെ റിപ്പോർട്ടുകൂടി ചേർത്ത് സിലിബസിന്റെ കരട് വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പാമ്പു കടിയേറ്റ് സുൽത്താൻ ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ മരിച്ച കേസിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ പാഠ്യവിഷയമായി ഉൾപ്പെടുത്താൻ നിർദ്ദേശം നൽകിയതിനെ തുടർന്നാണിത്.

പാമ്പുകളുടെ നിയമപരവും പാരിസ്ഥിതികവുമായ പ്രാധാന്യം, എത്ര തരം പാമ്പുകൾ, അപകടകാരികൾ ഏതെല്ലാം, പാമ്പ് കടിച്ചാൽ എന്തു ചെയ്യണം, പ്രതിരോധം എങ്ങനെ, റെസ്‌ക്യൂ കിറ്റിന്റെ ഉപയോഗം എന്നതടക്കമാകും പാഠഭാഗത്തിൽ ഉൾപ്പെടുത്തുക.

നിലവിൽ വനംവകുപ്പിന്റെ സർപ്പപാഠം പദ്ധതി പ്രകാരം പ്രത്യേക പരിശീലനം ലഭിച്ച 70 സർപ്പ എഡ്യുക്കേറ്റർമാർ സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കുന്നുണ്ട്. ജില്ലകളിലെ സോഷ്യൽ ഫോറസ്ട്രി ഓഫീസുമായി ബന്ധപ്പെട്ടാൽ പരിശീലകരെത്തി ക്ളാസുകൾ നൽകും.

അവബോധം അനിവാര്യം

1.പാമ്പുകടിയേറ്റാൽ എന്തു ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നത് സംബന്ധിച്ച അവബോധക്കുറവാണ് പലപ്പോഴും മരണത്തിന് കാരണമാകുന്നത്

2.ഇതൊഴിവാക്കാൻ കൃത്യമായ ബോധവത്കരണം അനിവാര്യമാണെന്നു കണ്ടാണ് നടപടി

232

5 വർഷത്തിനിടെ പാമ്പ്

കടിയേറ്റ് മരിച്ചവർ

''അഞ്ചു വർഷത്തിനുള്ളിൽ പാമ്പ് കടിയേറ്റുള്ള മരണം പൂർണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. രണ്ടു വർഷത്തിനുള്ളിൽ നിലവിലുള്ള മരണനിരക്ക് പകുതിയാക്കി കുറയ്ക്കാനും ലക്ഷ്യമിടുന്നു. ഇതിന് വിദ്യാഭ്യാസം, റവന്യു അടക്കമുള്ള വകുപ്പുകളുടെ സഹകരണം ആവശ്യമാണ്

-മുഹമ്മദ് അൻവർ,

അസി. ഫോറസ്റ്റ് കൺസർവേറ്റർ,

സർപ്പ സ്റ്റേറ്റ് കോഓർഡിനേറ്റർ