ബില്ലുകളിൽ ഗവർണർ വേഗം തീരുമാനമെടുക്കണം

Wednesday 10 September 2025 12:18 AM IST

ന്യൂഡൽഹി: നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ ഗവർണർ എത്രയും വേഗത്തിൽ

തീരുമാനമെടുക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ . ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും മൂന്നു മാസം സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെ രാഷ്ട്രപതി സുപ്രീംകോടതിക്ക് അയച്ച റഫറൻസ് നിലനിൽക്കുമോയെന്നതിൽ വാദം കേൾക്കുകയായിരുന്നു അഞ്ചംഗ ഭരണഘടനാ ബെഞ്ച്.

പണ ബില്ലടക്കം അടിയന്തര സ്വഭാവത്തോടെ അംഗീകരിച്ചു കിട്ടേണ്ടതാണ്. കേരള ഗവ‌ർണർ 10 മാസത്തോളം പണ ബില്ലിൽ അടയിരുന്നു. ഗവർണർ ഭരണഘടന പ്രകാരമാകണം പ്രവർത്തിക്കേണ്ടത്. ബില്ലുകളിലെ വ്യവസ്ഥകളിൽ സംശയമുണ്ടെങ്കിൽ പരിഹരിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ഗവർണർമാർ പ്രതിസന്ധിയുണ്ടാക്കുന്നത്. അതെന്തു കൊണ്ടാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചോദിച്ചു. ബില്ലുകൾ അനന്ത കാലത്തേക്ക് പിടിച്ചുവയ്‌ക്കാൻ ഗവർണർക്ക് അധികാരമില്ല. ബില്ലുകൾക്ക് അനുമതി നൽകണമെന്ന് സംസ്ഥാന മന്ത്രിസഭയ്‌ക്ക് ഗവർണറോട് പറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാദം കേൾക്കൽ ഇന്നും തുടരും.