ഗീതയെ കുറിച്ച് പറഞ്ഞാൽ സംഘി എന്ന് വിളിക്കുന്ന അവസ്ഥ : ശ്രീകുമാരൻ തമ്പി
തൃശൂർ : ഭഗവത് ഗീതയെ കുറിച്ച് പറഞ്ഞാലും ജന്മാഷ്ടമി പുരസ്‌കാരം നൽകിയാലും സംഘി എന്ന് വിളിക്കുന്ന ഒരു തലമുണ്ടെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ബാലഗോകുലം - ബാലസംസ്‌കാര കേന്ദ്രം ഏർപ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം നോവലിസ്റ്റ് സി.രാധാകൃഷ്ണന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. അറിവിന്റെ കടലാണ് ഭഗവത് ഗീത. അദ്ധ്യാത്മികതയും ഭൗതികതയും രണ്ടല്ല. രണ്ടായി കാണാനാകില്ല. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഭൗതിക വാദത്തെ ഒരിക്കലും നമ്മൾ തള്ളിപ്പറഞ്ഞിട്ടില്ല. നമ്മുടെ ഋഷി വര്യന്മാർ വെറും സന്യാസിമാർ മാത്രമായിരുന്നില്ല. അവർ ആ കാലഘട്ടത്തിലെ ശാസ്ത്രജ്ഞന്മാരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 50,000 രൂപയും കൃഷ്ണശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.ലക്ഷ്മി കുമാരി അദ്ധ്യക്ഷത വഹിച്ചു. സ്വാമി ചിദാനന്ദ പുരി, പി.കെ.വിജയരാഘവൻ, ആർ.പ്രസന്നകുമാർ, എൻ.ഹരീന്ദ്രൻ, ഡോ.പി.വി.കൃഷ്ണൻ നായർ, വി.എൻ.ഹരി എന്നിവർ സംസാരിച്ചു. പുരസ്‌കാര ജേതാവ് സി.രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.