വിവാഹ വാഗ്ദാനം നൽകി പീ‌ഡനം, റാപ്പർ വേടനെ ചോദ്യംചെയ്ത് വിട്ടയച്ചു

Wednesday 10 September 2025 12:00 AM IST

കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടനെ (ഹിരൺദാസ് മുരളി, 30) പൊലീസ് ആറു മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇന്ന് വീണ്ടും ഹാജരാകാനും നിർദ്ദേശിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ 10നാണ് വേടൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 100 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയാറാക്കിയിരുന്നു. പരാതിയിലെ ആരോപണങ്ങൾ വേടൻ തള്ളിയതായാണ് വിവരം. കേസിൽ വേടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, കോടതിയുടെ പരിഗണനയിലുള്ള കേസിനെക്കുറിച്ച് സംസാരിക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കേസ് പൂർണമായി തീർന്നശേഷം തന്റെ ഭാഗം പറയാമെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കോട്ടയം സ്വദേശിയാണ് പരാതിക്കാരി. സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹവാഗ്ദാനം നൽകി രണ്ട് വർഷത്തിനിടെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും പാട്ട് പുറത്തിറക്കാനെന്ന പേരിൽ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് ആരോപണം. പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് പരാതി.

ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തെന്ന ഗവേഷണ വിദ്യാർത്ഥിനിയുടെ പരാതിയിലും വേടനെതിരെ കേസുണ്ട്.