സംഘം രജിസ്ട്രേഷന് ഏകീകൃത നിയമം ബില്ലിന് മന്ത്രിസഭയുടെ അനുമതി
തിരുവനന്തപുരം: കലാകായിക സംഘടനകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങി എല്ലാ സംഘം രജിസ്ട്രേഷനുകൾക്കും സംസ്ഥാനത്താകെ ഏകീകൃത നിയമം വരുന്നു. ഇന്നലെ നടന്ന മന്ത്രിസഭായോഗം 'കേരള സംഘങ്ങൾ രജിസ്‌ട്രേഷൻ ബിൽ 2025' ന് അംഗീകാരം നൽകി. അടുത്തയാഴ്ച ചേരുന്ന നിയമസഭാസമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
കേരള ക്രിക്കറ്റ് അസോസിയേഷൻ, സിനിമാതാരങ്ങളുടെ സംഘടനയായ അമ്മ തുടങ്ങി ഗ്രാമീണ വായനശാലകൾ വരെ രജിസ്റ്റർ ചെയ്യുന്നതിനുള്ളതാണീ നിയമം. ബ്രിട്ടീഷുകാരുടെ കാലത്തും രാജഭരണകാലത്തുമുള്ള സംഘം രജിസ്ട്രേഷൻ നിയമങ്ങളാണ് നിലവിലുള്ളത്. വടക്കൻ ജില്ലകളിൽ ബ്രിട്ടീഷ് ഭരണകാലത്തുള്ള 1860 ലെ സംഘങ്ങൾ രജിസ്‌ട്രേഷൻ ആക്ട് (1860 ലെ 21ആം കേന്ദ്ര ആക്ട്) പ്രകാരവും തൃശ്ശൂർ മുതൽ തെക്കോട്ട് തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ തിരുവിതാംകൂർ കൊച്ചി സാഹിത്യ ശാസ്ത്രീയ ധാർമ്മികസംഘങ്ങൾ (1955 ലെ 12 ആം ആക്ട്) അനുസരിച്ചുമാണ് സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. രണ്ടുനിയമത്തിലും വ്യവസ്ഥകളും രീതികളും വ്യത്യസ്തമാണ്. ഇതിന് മാറ്റം വരുത്താനും സംസ്ഥാനത്താകെ ഒരേനിയമം നടപ്പാക്കാനുമാണ് പുതിയ ബിൽ കൊണ്ടുവരുന്നത്. നിയമസഭ പാസാക്കിയശേഷം ഗവർണർ ഒപ്പുവയ്ക്കുന്നതോടെ പുതിയ നിയമം നിലവിൽ വരും.
നിയമപരിധി
ഈ നിയമം പ്രാബല്യത്തിലാവുന്നതോടെ അതനുസരിച്ചാവും പുതുതായി സംഘങ്ങൾ രജിസ്റ്റർ ചെയ്യുക. നിലവിലുള്ള സംഘങ്ങളും രജിസ്ട്രേഷൻ പുതുക്കുമ്പോൾ ഏകീകൃത നിയമത്തിന്റെ പരിധിയിലാവും.