സഞ്ജുവിൽ സസ്പെൻസ്...

Tuesday 09 September 2025 11:41 PM IST

ഏഷ്യാകപ്പിൽ ഇന്ത്യ ഇന്ന് ആദ്യ മത്സരത്തിന്, എതിരാളികൾ യു.എ.ഇ

സഞ്ജു സാംസൺ പ്ളേയിംഗ് ഇലവനിൽ ഉണ്ടാകുമോ എന്ന് ആകാംക്ഷ

ഇന്ത്യ Vsയു.എ.ഇ

8 pm മുതൽ

സോണി ടെൻ സ്പോർട്സിലും

സോണി ലിവിലും ലൈവ്

ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുമ്പോൾ എല്ലാ ചർച്ചകളും സഞ്ജു സാംസണിനെക്കുറിച്ചാണ്. യു.എ.ഇക്കെതിരെ സഞ്ജു സാംസൺ പ്ളേയിംഗ് ഇലവനിലുണ്ടാകുമോ എന്നതാണ് ചോദ്യം. ഇന്നലെ ക്യാപ്ടന്മാരുടെ പ്രസ് മീറ്റിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാതിരുന്നതോടെ സസ്പെൻസ് വർദ്ധിക്കുകയായിരുന്നു.

ഗില്ലിനും ജിതേഷിനും

നടുവിലെ സഞ്ജു

ശുഭ്മാൻ ഗിൽ ട്വന്റി-20 ടീമിലേക്ക് എത്തുമ്പോൾ സഞ്ജു സാംസണെ ഓപ്പണിംഗിൽ കളിപ്പിക്കാൻ കഴിയുമോ എന്നാണ് ആരാധകരുടെ സംശയം. നിലവിൽ ട്വന്റി-20യിൽ അഭിഷേക് ശർമ്മയും സഞ്ജുവുമാണ് ഓപ്പണർമാർ. ഗിൽ ഏകദിനത്തിലെ ഓപ്പണറാണ്. ട്വന്റി-20യിലും ഓപ്പണിംഗാണ് പൊസിഷൻ. ഫസ്റ്റ് ഡൗണായി തിലകും സെക്കൻഡ് ഡൗണായി സൂര്യയും ഉള്ളതിനാൽ ഓപ്പണർ അല്ലെങ്കിൽ അഞ്ചാമനായി ഗില്ലിന് ഇറങ്ങേണ്ടിവരും. അതോ സഞ്ജുവിനെ അഞ്ചാമനാക്കുമോ എന്നാണ് അറിയേണ്ടത്. ഈ പൊസിഷനിൽ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയെ കളിപ്പിക്കാനും സാദ്ധ്യതയുണ്ട്. ഗില്ലിനും ജിതേഷിനും നടുവിൽ തന്റെ പൊസിഷനെക്കുറിച്ചുള്ള പ്രതിസന്ധിയിലാണ് സഞ്ജു.

1. ചീഫ് സെലക്ടർ അജിത് അഗാർക്കർ ട്വന്റി-20 പ്രഖ്യാപിക്കുമ്പോൾ ഗില്ലിന്റേയും ജിതേഷ് ശർമ്മയുടെയും പേരു പറഞ്ഞശേഷമാണ് സഞ്ജുവിന്റെ പേര് അനൗൺസ് ചെയ്തത്. ബായ്ക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ പരിഗണിക്കുന്നതെന്ന സംശയം ജനിപ്പിക്കുന്നതായിരുന്നു ഇത്.

2. ടീം യു.എ.ഇയിലെത്തി പരിശീലനം നടത്തുമ്പോൾ നെറ്റ്സിൽ ബാറ്റ് ചെയ്യാൻ സഞ്ജുവിന് പേരിന് മാത്രമാണ് അവസരം ലഭിച്ചത്. ഗില്ലും ജിതേഷും നെറ്റ്സിൽ കൂടുതൽ സമയം ചെലവിട്ടപ്പോൾ അവസാനം കുറച്ചുസമയമാണ് സഞ്ജു ബാറ്റ് ചെയ്തത്.

3. പ്ളേയിംഗ് ഇലവനെക്കുറിച്ച് ചോദിച്ചപ്പോൾ സഞ്ജുവിനെ നന്നായി പരിഗണിക്കുന്നുണ്ടെന്നും ഏറ്റവും നല്ല തീരുമാനം ഇന്നെടുക്കുമെന്നുമാണ് സൂര്യകുമാർ പറഞ്ഞത്. മുമ്പ് ടീമിൽ സഞ്ജുവിന് സ്ഥാനം ഉറപ്പിക്കുന്നതിന് മുൻകൈ എടുത്തിരുന്ന സൂര്യ അത്ര ഉറപ്പിച്ചല്ല ഇന്നലെ പറഞ്ഞത്.

6മാസത്തെ ഇടവേളയ്ക്ക്

ശേഷം ഇന്ത്യ

ട്വന്റി-20 ഫോർമാറ്റിലെ നിലവിലെ ലോകകപ്പ് ജേതാക്കളും ഏഷ്യാകപ്പ് ജേതാക്കളുമായ ഇന്ത്യ ഈ ഫോർമാറ്റിൽ ആറുമാസത്തിലേറെ ഇടവേളയ്ക്ക് ശേഷമാണ് കളിക്കാനിറങ്ങുന്നത്. ഫെബ്രുവരിയിൽ ഇംഗ്ളണ്ടിനെതിരെ അഞ്ച് ട്വന്റി-20കളുടെ പരമ്പരയാണ് ഇന്ത്യ അവസാനമായി കളിച്ചത്. ഇതിൽ 4-1ന് ജയിച്ചിരുന്നു. അതിനുശേഷം യു.എ.ഇയിൽ ഏകദിന ഫോർമാറ്റിൽ ചാമ്പ്യൻസ് ട്രോഫി നേടുകയും ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പര 2-2ന് സമനിലയിലാക്കുകയും ചെയ്ത ശേഷമാണ് ട്വന്റി-20 ഫോർമാറ്റിലേക്ക് മടങ്ങിയെത്തുന്നത്.

രാജ്പുത്തിന്റെ യു.എ.ഇ

2007ൽ ഇന്ത്യയെ പ്രഥമ ട്വന്റി-20 ലോകകപ്പിൽ ജേതാക്കളാക്കിയ പരിശീലകൻ ലാൽചന്ദ് രാജ്പുത്താണ് യു.എ.ഇ ടീമിന്റെ പരിശീലകൻ. മേയ് മാസത്തിൽ ബംഗ്ളാദേശിനെതിരെ മൂന്നുമത്സര പരമ്പര 2-1ന് സ്വന്തമാക്കി യു.എ.ഇ ഞെട്ടിച്ചിരുന്നു. എന്നാൽ ആ മികവ് തുടർന്ന് നിലനിറുത്താൻ കഴിഞ്ഞിട്ടില്ല. അവസാന കളിച്ച അഞ്ചുമത്സരങ്ങളിൽ അവർ തോൽക്കുകയായിരുന്നു. ഇതിൽ അഫ്ഗാനോടും പാകിസ്ഥാനോടുമുള്ള മത്സരങ്ങളും ഉൾപ്പെടുന്നു.

ഓപ്പണർ കൂടിയായ മുഹമ്മദ് വസീമാണ് യു.എ.ഇ നായകൻ. അലിഷാൻ ഷറഫു, വിക്കറ്റ് കീപ്പർ രാഹുൽ ചോപ്ര,ആസിഫ് ഖാൻ എന്നിവരാണ് ബാറ്റിംഗിലെ ശക്തികേന്ദ്രങ്ങൾ. ബൗളിംഗിൽ ജുനൈദ് സിദ്ധിഖ്, മുഹമ്മദ് രോഹിദ്,ഹൈദർ അലി,സിമ്രാൻജിത്ത് എന്നിവരാണ് കരുത്ത്. ജയിക്കുമോ തോൽക്കുമോ എന്ന സമ്മർദ്ദമില്ലാതെ കളിക്കാനിറങ്ങാം എന്നതാണ് യു.എ.ഇ ടീമിന്റെ ആത്മവിശ്വാസം.

ഇന്ത്യൻ ടീം : സൂര്യകുമാർ യാദവ് (ക്യാപ്ടൻ),ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്ടൻ), സഞ്ജു സാംസൺ,അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിംഗ്,ജിതേഷ് ശർമ്മ,ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ,ബുംറ,അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് .

യു.എ.ഇ സാദ്ധ്യതാ ഇലവൻ

മുഹമ്മദ് വസീം (ക്യാപ്ടൻ),അലിഷാൻ ഷറഫു, രാഹുൽ ചോപ്ര( വിക്കറ്റ് കീപ്പർ),ആസിഫ് ഖാൻ,മുഹമ്മദ് ഫാറൂഖ്,ഹർഷിത് കൗശിക്, മുഹമ്മദ് സൊഹൈബ്, മുഹമ്മദ് ജവാദുള്ള/സഗീർ ഖാൻ, ഹൈദർ അലി,ജുനൈദ് സിദ്ധിഖ്, മുഹമ്മദ് രോഹിദ്/സിമ്രാൻജിത്ത് .

2016

ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒരു ട്വന്റി-20 മത്സരത്തിൽ മാത്രമാണ് കളിച്ചിട്ടുള്ളത്. 2016ലെ ഏഷ്യാകപ്പിലായിരുന്നു അത്. അന്ന് ഒമ്പത് വിക്കറ്റിന് ഇന്ത്യ ജയിച്ചു. യു.എ.ഇയ്ക്ക് എതിരെ കളിച്ച മൂന്ന് ഏകദിനങ്ങളും ഇന്ത്യയാണ് ജയിച്ചത്.

24-3

കഴിഞ്ഞ വർഷത്തെ ലോകകപ്പുമുതൽ കളിച്ച 27 ട്വന്റി-20 മത്സരങ്ങളിൽ 24 എണ്ണത്തിലും ജയിച്ച ഇന്ത്യ മൂന്നെണ്ണത്തിൽ മാത്രമാണ് തോൽവി വഴങ്ങിയത്.