പാക് ബോർഡ് ചെയർമാന് സൂര്യയുടെ ഷേക്ഹാൻഡ്
ദുബായ് : ഏഷ്യാകപ്പ് ടൂർണമെന്റിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിനെത്തിയ ഇന്ത്യൻ ക്യാപ്‌ടൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും പാകിസ്ഥാനിലെ മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് ഷേക് ഹാൻഡ് നൽകുന്ന ചിത്രങ്ങൾ വൈറലായി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയ്ക്കെതിരെ പരസ്യമായി പ്രസ്താവനകൾ നടത്തിയ ആളാണ് നഖ്‌വി. പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിരതയിൽ ഇന്ത്യയ്ക്ക് അസൂയയുള്ളതുകൊണ്ടാണ് ഭീകരാക്രമണങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുന്നതെന്ന് ഒരു അഭിമുഖത്തിൽ നഖ്‌വി പറഞ്ഞിരുന്നു.
ഇന്ത്യ- പാക് മത്സരത്തിന് ടിക്കറ്റുണ്ട്
ഈ മാസം 14ന് നടക്കുന്ന ഇന്ത്യ - പാക് മത്സരത്തിന്റെ ടിക്കറ്റുകൾ ഇനിയും വിറ്റുതീർന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ. സാധാരണ ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകൾ വിൽപ്പനയ്ക്ക് വയ്ക്കുമ്പോൾ തന്നെ തീരുന്നതാണ്. ഇത്തവണ അതുണ്ടായില്ല. രണ്ടുസീറ്റിന് രണ്ടര ലക്ഷത്തോളം വിലയുള്ള വി.ഐ.പി സ്യൂട്ട് ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്. 10000രൂപയാണ് രണ്ട് സീറ്റുകൾക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.