വള്ളംകളിക്ക് സ്ഥിരം പവലിയൻ നിർമ്മിക്കും : മന്ത്രി വീണാജോർജ്
ആറന്മുള : ഉത്രട്ടാതി വള്ളംകളിക്കായി സത്രക്കടവിൽ സ്ഥിരം പവലിയൻ നിർമ്മിക്കുമെന്ന് മന്ത്രി വീണാ ജോർജ്. ഉത്രട്ടാതി വള്ളംകളിയുടെ ഭാഗമായുള്ള ജലഘോഷയാത്ര സത്രക്കടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബഡ്ജറ്റിൽ പവലിയൻ നിർമ്മാണത്തിനും സംരക്ഷണത്തിനും തുക അനുവദിച്ച് ടെൻഡർ നടപടി പുരോഗമിക്കുന്നു. അടുത്ത വർഷത്തെ ജലമേളയ്ക്ക് മുമ്പ് നിർമ്മാണം പൂർത്തിയാക്കും. പാമ്പയാറിന്റെ മനോഹാരിത സംരക്ഷിച്ചായിരിക്കും നിർമ്മാണമെന്ന് മന്ത്രി പറഞ്ഞു.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അദ്ധ്യക്ഷനായി. പ്രമോദ് നാരായൺ എം.എൽ.എ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിച്ചു. സിനിമാതാരം ജയസൂര്യ സുവനീർ പ്രകാശനം ചെയ്തു. വാഴൂർ തീർത്ഥപാദാശ്രമം സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, മുൻ എം എൽ എമാരായ രാജു എബ്രഹാം, മാലേത്ത് സരളാദേവി, എ. പത്മകുമാർ, കെ.സി രാജഗോപാലൻ, വിവരവകാശ കമ്മിഷൻ ചെയർമാൻ വി. ഹരികുമാർ, മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ മെമ്പർ കെ രഞ്ജുനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. ഇന്ദിരാദേവി, ബി. എസ്. അനീഷ് മോൻ, സി. കെ. അനു, സൂസൻ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, ആർ. അജയകുമാർ, അഡ്വ.കെ.ജയവർമ്മ, പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ തുടങ്ങിയവർ പങ്കെടുത്തു.