മുണ്ടയ്ക്കൽപ്പടി - പറക്കോട് ഹൈസ്കൂൾ റോഡിൽ മാലിന്യം പെരുകുന്നു

Tuesday 09 September 2025 11:45 PM IST

ഏഴംകുളം : മുണ്ടയ്ക്കൽപ്പടി - പറക്കോട് ഹൈസ്കൂൾ റോഡിൽ മാലിന്യം പെരുകുന്നു. ഏഴംകുളം ഗ്രാമപഞ്ചായത്തിന്റെയും അടൂർ നഗരസഭയുടെയും അതിർത്തിയാണ് ഇവിടം. എന്നാൽ ഫലപ്രദമായ ഒരു നടപടിയും പഞ്ചായത്ത്‌, നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.കുട്ടികളുടെ വിസർജ്യം നിറഞ്ഞ ഡയപ്പറുൾപ്പടെ റോഡിൽ പരസ്യമായി വലിച്ചെറിഞ്ഞിട്ടും ഈ ഭാഗത്ത് നിരീക്ഷണക്യാമറകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിൽ നഗരസഭയെയും പഞ്ചായത്തിനെയും വേർതിരിക്കുന്ന ഒരു പാലമുണ്ട്. ഇവിടെ നിന്ന് സമീപമുള്ള തോട്ടിലേക്കായിരുന്നു മുമ്പ് മാലിന്യം തള്ളിയിരുന്നത്. പിന്നീട് വേലി സ്ഥാപിച്ചതോടെ മാലിന്യ നിക്ഷേപം റോഡിലേക്കായി. റോഡിൽ കുറച്ചു ഭാഗം ആൾപ്പാർപ്പില്ലാതെ കാടുമൂടി കിടക്കുകയാണ്.ഇത് സാമൂഹിക വിരുദ്ധർക്ക് മാലിന്യം നിക്ഷേപിക്കുവാൻ സൗകര്യമാകുന്നു. പാലത്തിനു സമീപം നഗരസഭയുടെ മിനി എം സി എഫിന് മുന്നിലും ഇപ്പോൾ മാലിന്യംനിക്ഷേപിക്കുന്നുണ്ട്. ഡയപ്പർ വ്യാപകമായി നിക്ഷേപിക്കുന്നത് തെരുവ് നായ്ക്കൾ കടിച്ചു വലിക്കുന്നത് കാരണം പലപ്പോഴും റോഡിലാകെ മാലിന്യം ചിതറിക്കിടക്കുകയാണ്. മഴ പെയ്യുമ്പോൾ മാലിന്യം അളിഞ്ഞ് ദുർഗന്ധം രൂക്ഷമാകും. . നാട്ടുകാർ നിരവധി തവണ ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടും അധികൃതർ വേണ്ടപരിഗണന നൽകുന്നില്ലെന്ന പരാതി ശക്തമാണ്.എന്നാൽ സമീപത്തുള്ള ഒരു വീട്ടിലെ സി സി ടി വി ഈ ദിക്കിലേക്ക്‌ വച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ചാൽ ഇവിടെ അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നവരെക്കുറിച്ച് സൂചനകൾ ലഭിക്കുമെന്നും നാട്ടുകാർ പറയുന്നു .പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി പിഴ കർശനമക്കാനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങളുടെ അധികൃതർ അടിയന്തരമായി ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം