പാർവതിക്ക് സംഗീതം അമരസല്ലാപം
കോന്നി: വേറിട്ട നാദവിസ്മയത്തിലൂടെ സംഗീതലോകത്ത് ശ്രദ്ധേയയാവുകയാണ് ഗായിക പാർവതി ജഗീഷ്. നാനൂറിലധികം മ്യൂസിക് ആൽബങ്ങൾക്കു വേണ്ടി പാടിയിട്ടുള്ള പാർവതി ഗാനാസ്വാദകരുടെ മനസിൽ ഇടം നേടിക്കഴിഞ്ഞു.കർണാടക സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന പാർവതി, മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലുമുള്ള ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ലഹരി മ്യൂസിക്കിനും,ടി-സീരീസിനും വേണ്ടി പാടിയ പാട്ടുകൾക്കും "മൗനമേ നിറയും മൗനമേ" എന്ന പാട്ടിനും വലിയ സ്വീകരണമാണ് ലഭിച്ചത്. റോജ എന്ന തമിഴ് ചലച്ചിത്രത്തിലെ"പുതുവെള്ളൈമഴെ" എന്ന ഗാനം പാർവതിയുടെ സ്വരത്തിൽ അൺപ്ലഗ്‌ഡ് പതിപ്പായി ടി-സീരീസ് പുറത്തിറക്കി . വിജയ് സേതുപതിയും ഐശ്വര്യ രാജേഷും പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച 'കാ പേ രാണസിംഗം' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിന് പാർവതി നൽകിയ ശബ്ദം വലിയ ശ്രദ്ധനേടി. നൂറിലധികം ഭക്തിഗാന ആൽബങ്ങളും അനേകം നാടൻപാട്ട് ആൽബങ്ങളും ഇതിനോടകം പുറത്തുവന്നു.
പാടിയത് പ്രമുഖർക്കൊപ്പവും
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിവിധ മ്യൂസിക് കമ്പനികൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പാർവതിക്ക് കെ .എസ് ചിത്രയ്ക്കൊപ്പം വേദിപങ്കിടാൻ കഴിഞ്ഞതും പാട്ടുപാടാൻ കഴിഞ്ഞതുമാണ് മറക്കാനാവാത്തത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ പാട്ടുകൾ പാടിയതും അനുഭവമാണ്.പ്രമുഖ ടിവി ചാനലുകളുടെ ഷോകളുടെ ഭാഗമാകാൻ കഴിഞ്ഞു. ഗുരുവായൂർ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സ്കൂൾ കലോൽസവങ്ങളിൽ ജില്ലാ സംസ്ഥാന തലങ്ങളിലും എംജി സർവകലാശാല കലോത്സവത്തിലും പങ്കെടുത്ത് വിജയിച്ചിട്ടുള്ള പാർവതി നിരവധി അംഗീകാരങ്ങളും നേടിയിരുന്നു. കോന്നി ജഗീഷ് ഭവൻ (കുരട്ടിയിൽ ) ജഗീഷ് ബാബുവിന്റെ ഭാര്യയാണ് . മക്കൾ: ചിന്മയി നായർ, ചിതി കല്യാണി .