മലയോര ഹൈവെ ടാറിംഗ് തുടങ്ങി: യാത്രാ ദുരിതം തീരുമെന്ന് പ്രതീക്ഷ
കളികാവ്: മലയോര ഹൈവേ ടാറിംഗ് തുടങ്ങിയതോടെ , രണ്ടുവർഷത്തോളമായി തുടരുന്ന യാത്രാദുരിതം തീരുമെന്ന് പ്രതീക്ഷ. മഴപെയ്താൽ കുണ്ടും കുഴിയും വെയിലായാൽ പൊടിയും എന്ന അവസ്ഥയിലായിരുന്നു കാര്യങ്ങൾ. ഒട്ടേറെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും നാടു സാക്ഷിയായി. പൂക്കോട്ടുംപാടം കാളികാവ് റീച്ചിൽ ചോക്കാട് മുതൽ കാളികാവ് വരെയുള്ള ഭാഗത്ത് യാത്ര ഏറെ ദുഷ്‌ക്കരമായിരുന്നു. രണ്ടു ദിവസമായി മഴമാറിനിന്നതോടെയാണ് ടാറിംഗ് തുടങ്ങിയത്. കഴിഞ്ഞ മാസം രണ്ടുതവണ ടാറിംഗ് തുടങ്ങിയെങ്കിലും മഴകാരണം നിറുത്തേണ്ടി വന്നു. രണ്ടാഴ്ച കൂടി മഴമാറി നിന്നാൽ കാളികാവിനും ചോക്കാടിനുമിടയിൽ ടാറിംഗ് പൂർത്തിയാക്കാനാവും. യാത്രാദുരിതം കാരണം ബസുകൾ സർവ്വീസ് നിറുത്തി വയ്ക്കുകയും വാഹനങ്ങൾ പലതും വഴി മാറി സഞ്ചരിക്കുകയും ചെയ്തിരുന്നു. റോഡ് പണി നീണ്ടു പോയതിനാൽ കാളികാവിന്റെ വ്യാപാര മേഖലയാണ് കടുത്ത പ്രതിസന്ധി നേരിട്ടത്. ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നു. ഡിസംബറോട് കൂടി ചോക്കാട് മുതൽ കാളികാവ് വരെയുള്ള റോഡിന്റെ പണി പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കാലവർഷം നീണ്ടു പോയതാണ് നിർമ്മാണം നീണ്ടുപോവാൻ കാരണമായത്. ഉദരംപൊയിൽ പുല്ലങ്കോട് ഭാഗമാണ് ഇപ്പോൾ നവീകരണം നടക്കുന്നത്.ബി എം ആൻഡ് ബി സി സാങ്കേതിക വിദ്യയിലാണ് ടാറിംഗ് നടത്തുന്നത്.