മാദ്ധ്യമ പ്രവർത്തകൻ മാത്യു .സി.ആർ നിര്യാതനായി
തിരുവനന്തപുരം: ജയ് ഹിന്ദ് ടിവി സീനിയർ ന്യൂസ് എഡിറ്ററും ന്യൂസ് ഇൻ ചാർജുമായ കുന്നുകുഴി മുളവന ജംഗ്‌ഷൻ ഷാബു നിവാസിൽ മാത്യു .സി.ആർ (51) നിര്യാതനായി. ഇന്നലെ രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2ന് ജയ്‌ഹിന്ദ് ടിവിയിലും തുടർന്ന് പ്രസ്‌ക്ലബിലും പൊതുദർശനത്തിനു വച്ചശേഷം കുന്നുകുഴിയിലെ വസതിയിൽ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ 11ന് പാറ്റൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.
മലയാളം ടെലിവിഷൻ വാർത്താ ചാനലുകളുടെ തുടക്കകാലത്ത് സിറ്റി ന്യൂസിന്റെ റിപ്പോർട്ടറായാണ് മാദ്ധ്യമരംഗത്ത് എത്തിയത്. പിന്നീട് സൂര്യ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയനായി. വീക്ഷണം തിരുവനന്തപുരം ബ്യൂറോയിൽ ബ്യൂറോ ചീഫായും പ്രവർത്തിച്ചു. കേരള ദേശീയ വേദി ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പിതാവ്: ക്രിസ്റ്റഫർ റൊസാരിയോ. മാതാവ്: മാർഗരറ്റ് റൊസാരിയോ . ഭാര്യ: ഷൈനി അലക്സാണ്ടർ (ആകാശവാണി). മകൾ: ആൻ മേരി (ബിരുദ വിദ്യാർത്ഥിനി, മദ്രാസ് ക്രിസ്ത്യൻ കോളേജ് ). സഹോദരങ്ങൾ: ജോർജ് (യു.എസ്.ടി ഗ്ലോബൽ), തോമസ് (യു.എസ്.എ).