ഏഷ്യ കപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന് വിജയത്തുടക്കം; ഹോംഗ് കോംഗിന് വമ്പന്‍ തോല്‍വി
അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്ഥാന് വിജയത്തോടെ തുടക്കം. ദുര്‍ബലരായ ഹോംഗ് കോംഗിനെ 94 റണ്‍സിനാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോംഗ് കോംഗിന്റെ മറുപടി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സില്‍ അവസാനിച്ചു. 43 പന്തുകളില്‍ നിന്ന് 39 റണ്‍സ് നേടിയ ബാബര്‍ ഹയാത്ത് ആണ് ഹോംഗ് കോംഗ് നിരയിലെ ടോപ് സ്‌കോറര്‍. മുന്‍നിരയിലും മദ്ധ്യനിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
സീഷാന്‍ അലി 5(6), അന്‍ഷുമാന്‍ രാത് 0(1), നിസാകത് ഖാന്‍ 0(0), കല്‍ഹാന്‍ ചല്ലു 4(8), കിന്‍ചിത് ഷാ 6(10), എയ്‌സാസ് ഖാന്‍ 6(10), ക്യാപ്റ്റന്‍ യാസിം മുര്‍താസ 16(26), എഹ്‌സാന്‍ ഖാന്‍ 6(11) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സംഭാവന. ആയുഷ് ശുക്ല, അതീഖ് ഇഖ്ബാല്‍ എന്നിവര്‍ ഓരോ റണ്‍സ് വീതം നേടി പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാന് വേണ്ടി ഗുല്‍ബാദിന്‍ നയീബ്, ഫസല്‍ഹഖ് ഫറൂഖി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, അസമത്തുള്ള ഒമര്‍സായ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന് ഓപ്പണര്‍ സെദീഖുള്ള അത്തല്‍ 73*(52) ആണ് ടോപ് സ്‌കോറര്‍. മൂന്ന് സിക്സറുകളും ആറ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ഓള്‍റൗണ്ടര്‍ അസ്മത്തുള്ള ഒമര്‍സായിയും അഫ്ഗാന്‍ നിരയില്‍ അര്‍ദ്ധ സെഞ്ച്വറി നേടി. വെറും 21 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകള്‍ സഹിതം ഏഴ് ബൗണ്ടറികളാണ് താരം നേടിയത്. മുഹമ്മദ് നബി 33(26) റണ്‍സ് നേടി തിളങ്ങി.