തലസ്ഥാനം ഇളക്കിമറിച്ച് കേരളകൗമുദി ഓണം എക്സ്ട്രീം
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ കൊട്ടിക്കലാശത്തിൽ തലസ്ഥാനത്തെ ഇളക്കിമറിച്ച് കേരളകൗമുദി - കൗമുദി ടിവി 'ഓണം എക്സ്ട്രീം 2025'. നഗരത്തെ ആഘോഷത്തിമിർപ്പിലാക്കിയ സമാപന ഘോഷയാത്ര കഴിഞ്ഞതിന് പിന്നാലെയാണ് സെൻട്രൽ സ്റ്റേഡിയത്തിൽ ഓണം എക്സ്ട്രീം സംഗീത സദസ് അരങ്ങേറിയത്. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
അല്ലലും കുറ്റപ്പെടുത്തലുകളുമില്ലാത്ത ഓണാഘോഷമാണ് ഇത്തവണയുണ്ടായതെന്ന് മന്ത്രി പറഞ്ഞു. വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓണം വാരാഘോഷം അടക്കം സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്ന കേരളകൗമുദിയുടെ സമീപനം അഭിനന്ദനാർഹമാണ്. ഓണാഘോഷം കുറ്റകരമല്ലാത്ത രീതിയിൽ നടത്താൻ കഴിഞ്ഞത് പൊലീസിന്റെ ജാഗ്രതയാണെന്ന് പറഞ്ഞ ആന്റണി രാജു എം.എൽ.എ, പരിപാടികളുടെ സംഘാടനത്തിന് മികച്ച രീതിയിൽ നേതൃത്വം നൽകിയ മന്ത്രി വി.ശിവൻകുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. പരിപാടിയുടെ സ്പോൺസർമാരായ ഹമാരാ ചോയിസ് എം.ഡി കൃഷ്ണകുമാർ, ന്യൂ രാജസ്ഥാൻ മാർബിൾസ് ജനറൽ മാനേജർ സുരേഷ്, കൈരളി ജുവല്ലേഴ്സിന്റെ റിലേഷൻസ് മീഡിയ ഡയറക്ടർ ദീപ കമൽ, ജ്യോതിസ് സെൻട്രൽ സ്കൂൾസ് ജനറൽ മാനേജർ ശങ്കർ, സപ്ലൈകോ റീജിയണൽ മാനേജർ സ്മിത എന്നിവർക്ക് മന്ത്രി ശിവൻകുട്ടി പുരസ്കാരം സമ്മാനിച്ചു. കേരളകൗമുദി അസോസിയേറ്റ് എഡിറ്ററും ചീഫ് ന്യൂസ് എഡിറ്ററുമായ വി.എസ്.രാജേഷ്, ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായ എ.സി.റെജി, തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ, ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, സുധീർ കുമാർ, അയ്യപ്പദാസ്, ചീഫ് മാനേജർ എസ്.വിമൽകുമാർ എന്നിവർ പങ്കെടുത്തു.