പെരുന്തട്ടയെ വിറപ്പിച്ച് കടുവയും പുലിയും
കൽപ്പറ്റ: പെരുന്തട്ടയെ വിറപ്പിച്ച് ജനവാസ മേഖലയിൽ കടുവയും പുലിയും. തിങ്കളാഴ്ച രാത്രിയാണ് കടുവയെയും പുലിയെയും കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതുപ്രകാരം സ്ഥലത്തെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. വിവിധ സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചു. സ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാവൽ ഏർപ്പെടുത്തി. ഹെൽത്ത് സെന്ററിന് സമീപത്തെ തേയിലത്തോട്ടത്തിൽ നിന്ന് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് പുലിയെയും കടുവയും കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. പുലിയുടെ പല്ല്, രോമം, കാൽപ്പാടുകൾ എന്നിവ കണ്ടെത്തി. ആർ.ആർ.ടി സംഘം കാടുമുടിയ ഭാഗത്ത് തെരച്ചിൽ നടത്തി. തെർമൽ ഡ്രോൺ ഉപയോഗിച്ച് പ്രദേശത്ത് പരിശോധന നടന്നു. വീണ്ടും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങാൻ തുടങ്ങിയതോടെ ആശങ്കയിലാണ് പ്രദേശവാസികൾ. നേരത്തെയും പ്രദേശത്ത് പുലിയുടെയും കടയുടെയും സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തേയിലത്തോട്ടം പരിചരിക്കാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്. വിദ്യാർത്ഥികളെ രക്ഷിതാക്കൾ ജോലി ഒഴിവാക്കി സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവിടേണ്ട സ്ഥിതിയാണെന്നും പുലിയെയും കടുവയെയും കൂടുവെച്ചു പിടികൂടാൻ നടപടിവേണമെന്നും ജാഗ്രത സമിതി ആവശ്യപ്പെട്ടു.