മോഹനൻ കുന്നുമ്മലിനും മിനി കാപ്പനുമെതിരെ പൊലീസിൽ പരാതി
Wednesday 10 September 2025 12:15 AM IST
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനും മുൻ രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനുമെതിരെ പൊലീസിൽ പരാതി നൽകി ഇടത് സിൻഡിക്കേറ്റ് അംഗം. സിൻഡിക്കേറ്റ്സിന്റെ മിനിറ്റ്സിൽ വി.സിയും മിനി കാപ്പനും തിരിമറി നടത്തിയെന്ന് ആരോപിച്ച് ലെനിൽ ലാൽ ആണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിൽ പരാതി നൽകിയത്.
യോഗം കൈക്കൊള്ളാത്ത തീരുമാനങ്ങൾ എഴുതി ചേർത്തു. വഞ്ചന, ഔദ്യോഗിക രേഖകളിൽ കൃത്രിമം വരുത്തൽ, ഗൂഢാലോചന എന്നീ കാര്യങ്ങൾ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. മിനി കാപ്പന് രജിസ്ട്രാർ ഇൻ ചാർജിന്റെ ചുമതല നൽകിയത് അംഗീകരിക്കേണ്ടതില്ലെന്ന് യോഗം തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാൽ വൈസ് ചാൻസലർ തയ്യാറാക്കിയ മിനിറ്റ്സിൽ ഈ ഭാഗം ബോധപൂർവം ഒഴിവാക്കിയെന്നാണ് ആരോപണം.