സ്കൂട്ടറിൽ സ്കൂൾ ബസിടിച്ച് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം
കുന്നത്തൂർ: സഹ. ബാങ്ക് ജീവനക്കാരിയായ യുവതി സ്കൂട്ടറിൽ ബാങ്കിലേക്ക് പോകവേ സ്കൂൾ ബസ് ഇടിച്ച് വീണ്, സ്വകാര്യബസ് തലയിലൂടെ കയറിയിറങ്ങി മരിച്ചു. കുന്നത്തൂർ കരിന്തോട്ടുവ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയും കരുനാഗപ്പള്ളി തൊടിയൂർ ശാരദാലയം വീട്ടിൽ പരേതനായ മോഹനന്റെയും അജിതയുടെയും മകളുമായ അഞ്ജനയാണ് (25) മരിച്ചത്. അടുത്തമാസം 29ന് വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജനയ്ക്ക്, സഹകരണബാങ്ക് പരീക്ഷ വിജയിച്ച് ഒന്നരമാസം മുമ്പാണ് ജോലി ലഭിച്ചത്.
കൊല്ലം- തേനി ദേശീയപാതയിൽ ഭരണിക്കാവിന് സമീപം ഊക്കൻ മുക്കിൽ ഇന്നലെ രാവിലെ 9.45 ഓടെയായിരുന്നു അപകടം. ഓവർടേക്ക് ചെയ്തെത്തിയ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ചപ്പോൾ അഞ്ജന റോഡിലേക്ക് തെറിച്ചു വീണു. ഈ സമയം പിന്നാലെ എത്തിയ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി തത്ക്ഷണം മരണം സംഭവിക്കുകയായിരുന്നു. അഞ്ജനയുടെ സ്കൂട്ടറിന്റെ പിൻഭാഗം ഭാഗികമായി കത്തിനശിച്ചു. തൊടിയൂരിലെ വീട്ടിൽ നിന്ന് ഭരണിക്കാവിലെത്തി കടപുഴ റൂട്ടിൽ പഴയ ബസ് സ്റ്റാൻഡിൽ നിന്നു തിരിഞ്ഞ് ബണ്ട് റോഡിലൂടെ ബാങ്കിലെത്തുന്നതാണ് പതിവ്. ഒരു വർഷം മുമ്പാണ് പിതാവ് മരിച്ചത്. വിവാഹം ക്ഷണിക്കലും മറ്റും തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. മൃതദേഹം ബാങ്കിൽ പൊതുദർശനത്തിനു വച്ചു. പിന്നീട് വീട്ടിലെത്തിച്ച് രാത്രിയോടെ സംസ്കരിച്ചു.
........................................
അഞ്ജനയ്ക്ക് നാടിന്റെ യാത്രാമൊഴി
തൊടിയൂർ: നാടിന്റെ ദു:ഖം കണ്ണീരായി കവിഞ്ഞൊഴുകിയ അന്തരീക്ഷത്തിൽ അഞ്ജനയ്ക്ക് യാത്രാമൊഴി.
ഇന്നലെ രാവിലെ ഭരണിക്കാവ് ഊക്കൻ മുക്കിന് സമീപം സ്കൂട്ടർ അപകടത്തിലായിരുന്നു അഞ്ജനയുടെ ദാരുണാന്ത്യം. തൊടിയൂർ നോർത്ത് ശാരദാലയത്തിൽ കോൺഗ്രസ് നേതാവായിരുന്ന പരേതനായ എസ്.ബി. മോഹനന്റെയും തൊടിയൂർ
മുൻ ഗ്രാമപഞ്ചായത്തംഗവും തൊടിയൂർ സർവീസ് സഹ. ബാങ്ക് ജീവനക്കാരിയുമായ അജിതയുടെയും രണ്ടു പെൺമക്കളിൽ ഇളയവളായിരുന്നു അഞ്ജന. എം കോം ബിരുദധാരിയായ അഞ്ജനയ്ക്ക് രണ്ടു മാസം മുമ്പ് ചവറ പട്ടത്താനം സർവീസ് സഹ. ബാങ്കിൽ ക്ലാർക്കായി ജോലി ലഭിച്ചു. രണ്ടാഴ്ച മുമ്പാണ് ഈ ജോലി ഉപേക്ഷിച്ച് കരിന്തോട്ടുവ സർവീസ് സഹ. ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്.അഞ്ജനയുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് നാട്.