ദോഹയിൽ ഇസ്രയേൽ ആക്രമണം, 6 മരണം

Wednesday 10 September 2025 1:23 AM IST

ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് ആസ്ഥാനത്തിനു നേരെ ഇസ്രയേലിന്റെ അപ്രതീക്ഷിത വ്യോമാക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. ഹമാസിനെ നിയന്ത്രിക്കുന്ന ഉന്നത നേതാക്കൾ യോഗം ചേർന്ന കെട്ടിടം തകർന്നു. ഹമാസിന്റെ ആക്ടിംഗ് മേധാവികളിൽ ഒരാളും പൊളിറ്റിക്കൽ ബ്യൂറോ ഉപതലവനുമായ ഖാലിൽ ഹയ്യ അടക്കം ഉന്നതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ധാരാളമുള്ള പ്രദേശമാണിത്. ഖത്തറിൽ ഇസ്രയേൽ ആക്രമണം ആദ്യമാണ്.

ഹയ്യയുടെ മകൻ ഹിമാമും ഹയ്യയുടെ ഓഫീസിന്റെ ഡയറക്ടർ ജിഹാദ് ലബാദും ഉൾപ്പെടെ 5 ഹമാസ് അംഗങ്ങളും ഖത്തർ സുരക്ഷാ സേനാംഗവുമാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ഖാലിൽ ഹയ്യയും മറ്റ് ഉന്നത നേതാക്കളും രക്ഷപ്പെട്ടെന്ന് ഹമാസ് പറഞ്ഞു.

വടക്കൻ ജെറുസലേമിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസ് ഏറ്റെടുത്തതിനു പിന്നാലെയാണ് 'ഓപ്പറേഷൻ സമ്മിറ്റ് ഒഫ് ഫയർ" എന്ന പേരിൽ ഇസ്രയേലിന്റെ തിരിച്ചടി. 15ഓളം ഇസ്രയേലി യുദ്ധവിമാനങ്ങൾ ദൗത്യത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് എന്നിവരാണ് ദൗത്യത്തിന് മേൽനോട്ടം വഹിച്ചത്. തിങ്കളാഴ്ച ജെറുസലേമിൽ 6 പേരെ രണ്ട് ആയുധധാരികൾ വെടിവച്ചു കൊന്നിരുന്നു.

ദോഹ ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അറിവോടെയായിരുന്നു ആക്രമണം. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. ഇസ്രയേലിന്റേത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തർ കുറ്റപ്പെടുത്തി. സംഭവത്തിൽ ഇന്ത്യ ആശങ്ക അറിയിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാകാതിരിക്കാൻ സംയമനവും നയതന്ത്രവും പാലിക്കണമെന്നും ഇന്ത്യ വ്യക്തമാക്കി.

സ്ഫോടനം,​ വെടിനിറുത്തൽ ചർച്ച ചെയ്യവേ

1. വടക്കൻ ദോഹയിൽ ലെഗ്തൈഫ്യ പെട്രോൾ സ്റ്റേഷന് സമീപമുള്ള കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. 24 മണിക്കൂറും ഖത്തർ സുരക്ഷാ ഭടൻമാരുടെ കാവലിലാണ് ഇവിടം. ശക്തമായ ഒന്നിലേറെ സ്ഫോടനങ്ങൾ ഇവിടെയുണ്ടായി

2. ട്രംപ് മുന്നോട്ടുവച്ച വെടിനിറുത്തൽ നിർദ്ദേശം ചർച്ച ചെയ്യാനാണ് ഹമാസ് നേതാക്കൾ ഇവിടെ ഒത്തുകൂടിയത്

3. ഗാസയിൽ സുരക്ഷിതമല്ലാത്തതിനാൽ ഖത്തർ അടക്കം മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ് ഹമാസ് നേതാക്കൾ കഴിയുന്നത്.

ഖത്തറാണ് ഗാസയിൽ വെടിനിറുത്തലിന് മദ്ധ്യസ്ഥത വഹിക്കുന്ന പ്രധാന രാജ്യം.

 ലക്ഷ്യം വച്ചത്

ഖാലിൽ ഹയ്യ,​ ഖലീദ് മഷാൽ,​ സാഹർ ജബാരിൻ,​ മുഹമ്മദ് ഇസ്‌മയിൽ ദാർവിഷ് എന്നിവരെ. എല്ലാവരും ഹമാസിന്റെ ആക്ടിംഗ് മേധാവിമാർ (പൊളിറ്റിക്കൽ ബ്യൂറോയുടെ

ആക്ടിംഗ് ചെയർമാൻമാർ). മുൻ മേധാവി യഹ്യാ സിൻവാറിനെ ഇസ്രയേൽ വധിച്ചശേഷം ഹമാസിന്റെ സ്ഥിരം മേധാവിയെ തിരഞ്ഞെടുത്തിട്ടില്ല.