ഓണം ഓഫറില്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കണം; ഈ കമ്പനിക്ക് പിഴ ചുമത്തിയത് 33,500 രൂപ

Wednesday 10 September 2025 12:29 AM IST

കൊച്ചി: കൂടുതല്‍ പണം നല്‍കി എടുത്ത അധിക വാറന്റി കാലയളവില്‍ ടെലിവിഷന്‍ സൗജന്യമായി നന്നാക്കി നല്‍കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി വിധിച്ചു. ബിസ്മി അപ്ലയന്‍സസ്, ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ് എന്നിവര്‍ക്കെതിരെ വൈറ്റില സ്വദേശി സുനിത ബിനുകുമാര്‍ നല്‍കിയ പരാതിയിലാണിത്.

2015ഏപ്രിലില്‍ 27,000 രൂപയ്ക്ക് വാങ്ങിയ ഫിലിപ്സ് എല്‍.ഇ.ഡി ടെലിവിഷന് മൂന്നു വര്‍ഷത്തെ കമ്പനി വാറന്റിക്ക് പുറമെ, 2,690 രൂപ കൂടുതല്‍ നല്‍കി രണ്ട് വര്‍ഷത്തേക്ക് 'ബിസ്മി കെയര്‍ അധിക വാറന്റി'യും വാങ്ങിയിരുന്നു. മൂന്നു വര്‍ഷത്തെ കമ്പനി വാറന്റി അവസാനിച്ചതിന് തൊട്ടുപിന്നാലെ, 2018 മേയില്‍ ടി.വിക്ക് തകരാറുണ്ടായി. നന്നാക്കാന്‍ 2,200 രൂപ ആവശ്യപ്പെടുകയും വാറന്റി കഴിഞ്ഞെന്ന കാരണം പറഞ്ഞ് കമ്പനി കൈയൊഴിയുകയും ചെയ്തു. പണം വാങ്ങി നല്‍കിയ എക്‌സ്റ്റന്‍ഡഡ് വാറന്റിയിലെ സേവനം ഉപഭോക്താവിന് നിഷേധിച്ചത് അവകാശലംഘനമാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

എതിര്‍കക്ഷികള്‍ പരാതിക്കാരിയുടെ ടെലിവിഷന്‍ സൗജന്യമായി നന്നാക്കി നല്‍കണം. അല്ലെങ്കില്‍ ടി.വിയുടെ വിലയുടെ 50ശതമാനമായ 13,500 രൂപ നല്‍കണം. പരാതിക്കാരിക്ക് നേരിട്ട മാനസികവിഷമത്തിനും പ്രയാസങ്ങള്‍ക്കും നഷ്ടപരിഹാരമായി 15,000 രൂപയും കോടതിച്ചെലവായി 5,000 രൂപയും 30 ദിവസത്തിനകം നല്‍കണമെന്നും ഡി.ബി. ബിനു അദ്ധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ കോടതി ഉത്തരവ് നല്‍കി.