എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ട ദിനത്തിൽ കേക്ക് മുറി; റീൽസ് പ്രചരിപ്പിച്ചതിനെതിരെ കേസെടുത്തു

Wednesday 10 September 2025 3:55 AM IST

കണ്ണൂർ: എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷിക ദിവസം 'എസ്' ആകൃതിയിലുള്ള കത്തികൊണ്ട് ആർ.എസ്.എസ് പ്രവർത്തകർ കേക്ക് മുറിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചതിന് കണ്ണവം പൊലീസ് കേസെടുത്തു. അഭിമാനം കണ്ണവം സ്വയം സേവകർ എന്നെഴുതിയ കേക്കാണ് കണ്ണവത്തെ സലാഹുദ്ദീൻ രക്തസാക്ഷി ദിനത്തിൽ മുറിച്ചത്. റീൽ പോസ്റ്റ് ചെയ്ത ദുർഗനഗർ ചുണ്ടയിലെന്ന പ്രൊഫൈലിനെതിരെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചതിന് കണ്ണവം പൊലീസാണ് സ്വമേധയാ കേസെടുത്തത്.

2020 സെപ്തംബർ എട്ടിനാണ് കണ്ണവം സ്വദേശിയായ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന സലാഹുദ്ദീനെ ബൈക്കിൽ പിൻതുടർന്നെത്തിയ സംഘമാണ് പുറത്തിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. 2018ൽ ആർ.എസ്.എസ് പ്രവർത്തകനായ ശ്യാമപ്രസാദ് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഈ സംഭവമെന്നാണ് പൊലീസ് പറയുന്നത്. സഹോദരിമാരുടെ മുന്നിൽ വച്ചാണ് സലാഹുദ്ദീൻ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒമ്പത് ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.