നേപ്പാളിൽ ഉള്ളുരുകി മലയാളി സംഘം
കോഴിക്കോട്: സമൂഹ മാദ്ധ്യമ നിരോധനത്തിനെതിരെ നേപ്പാൾ കത്തുമ്പോൾ ഉള്ളുരുകി മലയാളി സംഘം. കൺമുമ്പിൽ പൊലീസ് സ്റ്റേഷനടക്കം കത്തുമ്പോൾ ഇവർ ഭയന്നോടുകയായിരുന്നു. തിങ്കളാഴ്ച നേപ്പാളിലെത്തിയ കോഴിക്കോട്ട് നിന്നുള്ള 40 പേരും സുരക്ഷിതരാണ്.
കോഴിക്കോട്ടെ സ്‌കൈ ക്രൂ ഹോളിഡേയ്‌സ് ട്രാവൽ ഏജൻസി വഴി യാത്ര തിരിച്ചവരാണിവർ. കാരശ്ശേരി പെൻഷൻ അസോസിയേഷന്റെ നേതൃത്വത്തിൽ മുക്കം, കൊടിയത്തൂർ,കൊടുവള്ളി,അരീക്കോട് ഭാഗങ്ങളിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഞായറാഴ്ച രാവിലെ 11ന് ബസിൽ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക്. അവിടെ നിന്ന് കാഠ്മണ്ഡുവിലേക്ക് വിമാനയാത്ര. തിങ്കളാഴ്ച രാവിലെ 5.05ന് എയർപോർട്ടിലിറങ്ങിയപ്പോഴാണ് കലാപത്തെക്കുറിച്ച് അറിയുന്നതെന്ന് കോഴിക്കോട്ടെ ടൂർ കോ-ഓർഡിനേറ്ററും സ്ഥാപനത്തിന്റെ ഡയറക്ടറിലൊരാളുമായ രാമനാട്ടുകര സ്വദേശി പി.സി.റഫീഖ് പറഞ്ഞു.
എങ്ങും തീയും പുകയും
നഗരം മുഴുവൻ പ്രക്ഷോഭകാരികളായ വിദ്യാർത്ഥികളും യുവജനങ്ങളും. എങ്ങും തീയും പുകയും. മുന്നോട്ട് നടന്നപ്പോൾ സമീപത്തെ യോഗശാല പൊലീസ് സ്റ്റേഷൻ സമരക്കാർ പൂർണമായി തീയിട്ടു. നേരത്തെ ബുക്ക് ചെയ്ത ഹോട്ടലുകളെല്ലാം അടച്ചെങ്കിലും എല്ലാവരേയും സുരക്ഷിതമായി മറ്റ് താമസ സ്ഥലങ്ങളിലെത്തിക്കാൻ കഴിഞ്ഞു. പ്രശ്‌നം സങ്കീർണമാവുകയാണെങ്കിൽ എയർപോർട്ട് തുറന്നാൽ യാത്ര റദ്ദാക്കി മടങ്ങും. അല്ലെങ്കിൽ യാത്ര പൂർത്തീകരിച്ച് ശനിയാഴ്ച മടങ്ങും-റഫീഖ് വ്യക്തമാക്കി.