സി.കെയുടെ ഓർമ്മകളുമായി മകൾ സമ്മേളനത്തിനെത്തും
ആലപ്പുഴ: ''ശാരീരിക വൈഷമ്യങ്ങളുണ്ട്, എങ്കിലും സി.പി.ഐ സമ്മേളനം സ്വന്തം ജില്ലയായ ആലപ്പുഴയിൽ നടക്കുമ്പോൾ വന്നുപോവാതിരിക്കാൻ മനസ് അനുവദിക്കുന്നില്ല''. ശൂരനാട് സമരനായകൻ സി.കെ.കുഞ്ഞുരാമന്റെ മകൾ ഇന്ദിര പറയുന്നു. ആലപ്പുഴ ജില്ലയുടെ തെക്കൻ അതിർത്തിയിലെ വള്ളികുന്നം ഗ്രാമത്തിൽ ചേലക്കോട്ടേത്ത് വീട്ടിൽ ഇപ്പോഴും തുടിക്കുന്നുണ്ട് വിപ്ളവ സ്മരണകൾ.
പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ഇന്ദിരയെ ക്ഷണിച്ചിട്ടുണ്ട്. നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ കമ്മ്യൂണിസ്റ്രുകാർ നടത്തിയ ഐതിഹാസിക പോരാട്ടമാണ് ശൂരനാട് സമരം. 1949 ഡിസംബർ 31ന് രാത്രിയാണ് കമ്മ്യൂണിസ്റ്രുകാരെ ജന്മിമാരുടെ ഗുണ്ടകളും പൊലീസുകാരും നേരിട്ടത്. സംഘർഷത്തിനിടെ ഒരു സബ് ഇൻസ്പെക്ടറും മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. പിന്നാലെ ശൂരനാട്ട് നടന്നത് അതിക്രൂരമായ നരവേട്ട.
അഞ്ച് കമ്മ്യൂണിസ്റ്ര് പ്രവർത്തകർ പൊലീസ് ലോക്കപ്പിൽ മർദ്ദനത്തിനിരയായി രക്തസാക്ഷികളായി. തോപ്പിൽ ഭാസി, ആർ.ശങ്കരനാരായണൻ തമ്പി,പേരൂർ മാധവൻപിള്ള, ചേലക്കോട്ടേത്ത് കുഞ്ഞുരാമൻ എന്നിവരുൾപ്പെടെ 26 പ്രതികളാണ് കേസിൽ ഉൾപ്പെട്ടത്. ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് പിടികൂടിയ സി.കെ.കുഞ്ഞുരാമന് കൊടിയ മർദ്ദനവും ജയിൽ വാസവുമാണ് അനുഭവിക്കേണ്ടി വന്നത്. ഒളിവുകാലത്ത് സി.കെ നേരിട്ട യാതനകൾ, മൂലധനം എന്ന നാടകത്തിന്റെ സമർപ്പണമായി തോപ്പിൽഭാസി രേഖപ്പെടുത്തിയിട്ടുണ്ട്.