ഇന്ന് പ്രതിനിധി സമ്മേളനം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം
ആലപ്പുഴ : 25-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സി.പി. ഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും.
കാനം രാജേന്ദ്രൻ നഗറിൽ (കളർകോട് എസ് കെ കൺവെൻഷൻ സെന്റർ) രാവിലെ 10.30 ന് ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.
സമ്മേളന നഗറിൽ സ്ഥാപിക്കുന്നതിനുള്ള ദീപശിഖ ഇന്നലെ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പുറപ്പെട്ട് വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേർന്നു. ഇന്ന് രാവിലെ 10 ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. തുടർന്ന് കെ.ആർ.ചന്ദ്രമോഹൻ പതാക ഉയർത്തും.10,11,12 തീയതികളിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
43 വർഷങ്ങൾക്ക് ശേഷം ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനം അത്യുജ്വലമാക്കാനുള്ള ഉത്സാഹത്തിലാണ് ജില്ലയിലെ പാർട്ടി നേതൃത്വവും പ്രവർത്തകരും. ഭരണ , രാഷ്ട്രീയ രംഗങ്ങളിൽ സംഭവബഹുലമായ പല വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഘട്ടത്തിൽ നടക്കുന്ന സമ്മേളനത്തിന് വലിയ പ്രാധാന്യമാണുള്ളത്.ജില്ലാ സമ്മേളനങ്ങളിൽ സർക്കാരിനും പാർട്ടിക്കും മന്ത്രിമാർക്കുമെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ, സംസ്ഥാന സമ്മേളനത്തിലെ ചർച്ചകളും പ്രക്ഷുബ്ധമാകാനാണ് സാദ്ധ്യത. ഇന്ന് വൈകിട്ട് 5ന് നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്നതാണ് വിഷയം.
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അവതരിപ്പിക്കുന്ന റിപ്പോർട്ടിൽ പാർട്ടി മന്ത്രിമാർക്ക് വിമർശനമുണ്ടെന്നാണ് സൂചന. പദ്ധതികൾ അവതരിപ്പിക്കുന്നതിലും പ്രാവർത്തികമാക്കുന്നതിലും മന്ത്രിമാർ വേണ്ടത്ര വിജയിച്ചിട്ടില്ലെന്നും. അവരുടെ സ്വീകാര്യതയും മതിപ്പും കുറഞ്ഞതായും റിപ്പോർട്ടിലുണ്ടെന്നറിയുന്നു. സി.പി.എമ്മിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങൾ ഒഴിവാക്കിയതായാണ് സൂചന.