കേരള സർവകലാശാല തർക്കം; രജിസ്ട്രാർ അനിൽ കുമാറിന്റെ സസ്പെൻഷൻ തുടരും, ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിന്റെ സസ്പെൻഷൻ തുടരും. സസ്പെൻഷൻ ചോദ്യം ചെയ്ത് അനിൽ കുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിൻഡിക്കേറ്റ് ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു. ഭാരതാംബ വിഷയവുമായി ബന്ധപ്പെട്ടാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. തുടർന്ന് ജോയിന്റ് രജിസ്ട്രാർക്ക് രജിസ്ട്രാറുടെ ചുമതല കൈമാറിയ വിസിയുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികവുമായി ബന്ധപ്പെട്ട് കേരള സർവകലാശാല സെനറ്റ് ഹാളിൽ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില് നടത്തിയ സെമിനാറിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് രജിസ്ട്രാറുടെ സസ്പെൻഷനിലേക്ക് നീങ്ങിയത്. ഗവർണർ രാജേന്ദ്ര ആർലേക്കറായിരുന്നു മുഖ്യാതിഥി. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ അവസരമൊരുക്കിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രജിസ്ട്രാർ ചിത്രം നീക്കണമെന്നും അല്ലെങ്കിൽ ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. തുടർന്ന് പരിപാടിക്ക് അനുമതി നിഷേധിച്ചു.
ചാൻസലറായ ഗവർണർ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവൻ വിസിയോട് വിശദീകരണം ചോദിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ വിസി രജിസ്ട്രാർക്കെതിരെ ഗവർണർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. റിപ്പോർട്ട് പരിശോധിച്ച ഗവർണർ സസ്പെൻഡുചെയ്യാൻ വിസിക്ക് നിർദേശം നൽകുകയായിരുന്നു
തുടർന്നാണ് സസ്പെൻഷൻ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കെ എസ് അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയത്. മുമ്പ് ഹർജി പരിഗണിക്കവേ രൂക്ഷമായ വിമർശനങ്ങളായിരുന്നു ഹൈക്കോടതി ഉയർത്തിയത്. രജിസ്ട്രാറുടെ നടപടി ഗവർണറുടെ വിശിഷ്ടതയെ ബാധിച്ചുവെന്നും ഇങ്ങനെയല്ല വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നതെന്നും കോടതി വിമർശിച്ചിരുന്നു.
ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരമാണ്. പ്രകോപനപരമായ എന്ത് ചിത്രമാണ് അവിടെ പ്രദർശിപ്പിച്ചത്. ചിത്രം എന്ത് ക്രമസമാധാന പ്രശ്നമാണ് കേരളത്തിൽ ഉണ്ടാക്കിയത്. സെനറ്റ് ഹാളിലെ പരിപാടി മാറ്റിവയ്ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കേരള പൊലീസ് മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. വിസിയോട് വിശദമായ സത്യവാങ്മൂലം നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു.